ഗസ്സ സിറ്റി: പ്രത്യാശ പകർന്ന് കൂടുതൽ രാജ്യങ്ങൾ പിന്തുണയുമായി രംഗത്തുവരുമ്പോഴും ഗസ്സ തുരുത്തിൽ തുടരുന്നത് സമാനതകളില്ലാത്ത കുരുതി. ഗസ്സ സിറ്റിയിൽ മാത്രം ഞായറാഴ്ച 12 മണിക്കൂറിനിടെ 50 ഓളം പേരുടെ മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം 75 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.300ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ നാലു കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെട്ടു
ഫ്രാൻസും സൗദി അറേബ്യയും ചേർന്നുള്ള നയതന്ത്രനീക്കത്തിന്റെ ഭാഗമായാണ് ഞായറാഴ്ച യു.എൻ പൊതുസഭ ചേർന്നത്. യൂറോപ്പിൽനിന്ന് യു.കെ, ഫ്രാൻസ് എന്നിവക്ക് പുറമെ, പോർചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചു.
നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളും യൂറോപിൽ ചില കിഴക്കൻ മേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇത് യൂറോപ്പിലും വ്യാപകമായി അംഗീകാരം നേടുന്നത് ഇസ്രായേലിനും പിന്തുണക്കുന്ന അമേരിക്ക അടക്കം രാജ്യങ്ങൾക്കും മേൽ സമ്മർദം ഇരട്ടിയാക്കും. 145 ൽ ഏറെ രാജ്യങ്ങൾ നേരത്തേ അംഗീകാരം നൽകിയ രാഷ്ട്ര പദവി ഫലസ്തീന് സഹായമെത്തിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ വേഗം നൽകുമെന്നാണ് പ്രതീക്ഷ.

