എച്ച് വണ്‍ ബി വീസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയ്ക്കാണ് നിബന്ധന നിലവില്‍ വരിക. പുതിയ അപേക്ഷകര്‍ക്കാണ് നിലവില്‍ വര്‍ധന ബാധകമാകുക എന്നാണ് സൂചന. അമേരിക്കയ്ക്ക് പുറത്തുള്ള എച്ച് വണ്‍ ബി വീസക്കാര്‍ക്ക് തീരുമാനം ബാധകമാകില്ലെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള എച്ച് വണ്‍ ബി വീസക്കാര്‍ ഉടന്‍ അമേരിക്കയില്‍ തിരിച്ചെത്തണമെന്ന് ടെക് കമ്പനികള്‍ നിര്‍ദേശം നല്‍കിയിരുന്നു. എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. വീസ ദുരുപയോഗം വഴി അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് തടയാനും ഏറ്റവും മികച്ച വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതെന്നാണ് ട്രംപിന്റെ വാദം.
അതിനിടെ എച്ച് വൺ ബി വീസാ നിരക്ക് വർധനയിലെ ആശങ്കകളില്‍ വിശദീകരണവുമായി യുഎസ് രംഗത്തെത്തിയിട്ടുണ്ട്. വര്‍ധിച്ച ഫീസ് പുതിയ വീസയ്ക്ക് മാത്രമാണെന്നും നിലവില്‍ ഇന്ത്യയില്‍ ഉള്ളവര്‍ തിരക്കിട്ട് മടങ്ങേണ്ടതില്ല എന്നും യുഎസ് അറിയിച്ചു. നിരക്ക് വർധനയിൽ ആശങ്ക പ്രകടിപ്പിച്ച വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ച് വരികയാണെന്നാണ് അറിയിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും വ്യാപാര- വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു

