ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി’ നടപ്പാക്കാനായി രണ്ട് ഭരണഘടനാ ഭേദഗതിയടക്കം മൂന്ന് ബില്ലുകൾ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള വ്യവസ്ഥകളിലെ ഭേദഗതിയാണ് ആദ്യത്തേത്. ഇതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഭരണഘടന ഭേദഗതി ബിൽ. പുതുച്ചേരി, ഡൽഹി, ജമ്മു- കശ്മീർ എന്നീ നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളിലെ വ്യവസ്ഥകൾ പുതുക്കുന്നതിനുള്ള മൂന്നാമത്തെ ബിൽ സാധാരണ ബിൽ ആയിരിക്കും.
ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി ഒരുമിച്ച് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 82എ ഉപവകുപ്പ് (1) ചേർത്ത് ഭേദഗതി ചെയ്യും. ആർട്ടിക്കിൾ 83 (2) ഭേദഗതി ചെയ്യാനും ലോക്‌സഭയുടെ കാലാവധിയും പിരിച്ചുവിടലും സംബന്ധിച്ച പുതിയ ഉപവകുപ്പുകൾ (3), (4) എന്നിവ ഉൾപ്പെടുത്താനും ബില്ലിലുണ്ടാകും. നിയമസഭകൾ പിരിച്ചുവിടുന്നതിനും ‘ഒരേസമയം തിരഞ്ഞെടുപ്പ്’ എന്ന വാക്ക് ചേർക്കുന്നതിനായി ആർട്ടിക്കിൾ 327 ഭേദഗതി ചെയ്യുന്ന വ്യവസ്ഥകളും ഇതിലുണ്ട്. ഈ ബില്ലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല.
വരാനിരിക്കുന്ന രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ബില്ലിന് കുറഞ്ഞത് 50 ശതമാനം നിയമസഭകളുടെ അംഗീകാരം വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്കായി സംസ്ഥാന കമീഷനുകളുമായി കൂടിയാലോചിച്ച് വോട്ടർ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടന വ്യവസ്ഥകളാണ് മാറ്റുന്നത്. പുതിയ ആർട്ടിക്കിളായ 324എ ഉൾപ്പെടുത്തി മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള വ്യവസ്ഥകളും നിർദിഷ്ട രണ്ടാം ബില്ലിലുണ്ടാകും.
ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്‌ട്-1991, ഗവൺമെന്റ് ഓഫ് യൂനിയൻ ടെറിട്ടറി ആക്‌ട്-1963, ജമ്മു- കശ്മീർ പുനഃസംഘടന നിയമം-2019 എന്നിവയാണ് മൂന്നാമത്തെ ബില്ലിൽ ഭേദഗതി ചെയ്യുന്ന ചട്ടങ്ങൾ. മൂന്ന് ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്താനും നിലവിലുള്ള ആർട്ടിക്കിളുകളിൽ 12 പുതിയ ഉപവകുപ്പുകൾ ചേർക്കാനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ തിരുത്താനും ഉന്നതതല സമിതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.