ഡാലസ്∙ യുഎസിൽ തർക്കത്തെത്തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടലിൽ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. അതിനിടയിൽ അവിടേക്കു വന്ന നാഗമല്ലയ്യ കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോടു പറയാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോടു നേരിട്ടു പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ചാണ് നാഗമല്ലയ്യയെ മാർട്ടിനെസ് ആക്രമിച്ചത്. കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ കുത്തി. പാർക്കിങ്ങിനുള്ള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ നാഗമല്ലയ്യ ശ്രമിച്ചെങ്കിലും മാർട്ടിനെസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ നാഗമല്ലയ്യയുടെ ഭാര്യയും മകനും കൊലപാതകിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിയിട്ട ശേഷം പ്രതി നാഗമല്ലയ്യയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനമറിയിച്ചു.

