Friday, December 5, 2025
HomeNewsപ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ സ്വീകരിക്കുന്ന പദ്ധതിയോട് മുഖംതിരിച്ച്‌ മദ്യപാനികള്‍

പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ സ്വീകരിക്കുന്ന പദ്ധതിയോട് മുഖംതിരിച്ച്‌ മദ്യപാനികള്‍

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പദ്ധതിയോട് മുഖംതിരിച്ച്‌ മദ്യപാനികള്‍.

വാങ്ങിയ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ തിരികെയേല്‍പ്പിക്കുമ്ബോള്‍ അധികമായി ഈടാക്കുന്ന ഇരുപത് രൂപ തിരിച്ചു കൊടുക്കുന്ന പദ്ധതി 10 ഔട്ട്ലെറ്റുകളിലാണ് നടപ്പാക്കിയത്. ഒന്നാം ദിവസം പദ്ധതി മദ്യവില്‍പനയെ ചെറിയതോതില്‍ ബാധിച്ചതായി ജീവനക്കാർ പറഞ്ഞു. ഇരുപത് രൂപ അധികം വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മദ്യപാനികളുടെ നിലപാട്. അൻപത് രൂപയ്ക്ക് ഹരിത കർമ്മ സേന പ്ലാസ്റ്റിക് കുപ്പികള്‍ എടുക്കുമ്പോൾ ഒരു കുപ്പിക്ക് 20 രൂപ വാങ്ങിക്കുന്നതില്‍ സർക്കാരിനോട് പ്രതിഷേധവുമറിയിച്ചാണ് പലരും മദ്യം വാങ്ങി മടങ്ങിയത്.

പ്ലാസ്റ്റിക് കുപ്പികളില്‍ ധാരാളമായി മദ്യം വില്‍പന ചെയ്യുന്ന സാധാരണ കൗണ്ടറുകളില്‍ ഉച്ചയോടെ നൂറിനടുത്ത് പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമാണ് തിരികെയെത്തിയത്. അതേസമയം പ്രീമിയം കൗണ്ടറുകളില്‍ തിരികെയെത്തിയ കുപ്പികളുടെ എണ്ണം രണ്ടക്കം തികഞ്ഞില്ല.

ചില വിരുതൻമാർ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യകുപ്പിയുമായി വന്ന് സ്റ്റിക്കർ മാറ്റി ഒട്ടിച്ച്‌ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. മദ്യം വാങ്ങിയ സ്ഥലത്തു തന്നെ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കണമെന്ന തീരുമാനം മാറ്റണമെന്ന ആവശ്യവും മദ്യപർക്കുണ്ട്. പണം കൂട്ടിയതറിയാതെ ടച്ചിംഗ്സിന് വച്ച പണം കൊണ്ട് മദ്യം വാങ്ങേണ്ടി വന്ന വിഷമവും ഇവർ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

പുതിയ പരിഷ്കരണത്തില്‍ ജീവനക്കാരും ആശങ്കയിലാണ്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് വില്‍പനയെ ബാധിക്കുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം. തിരിച്ചെത്തിയ കുപ്പികളില്‍ സ്റ്റിക്കർ പതിക്കാൻ എടുക്കുന്ന സമയം നീണ്ട നിരയ്ക്കും ഇടയാക്കും. അന്യസംസ്ഥാന തൊഴിലാളികളെ കാര്യം പറഞ്ഞു മനസിലാക്കുവാനും ഇന്നലെ ജീവനക്കാർ പാടുപെട്ടു.

രാത്രി 9ന് കൗണ്ടർ അടച്ചുകഴിഞ്ഞാല്‍ തിരിച്ചുവന്ന കുപ്പികളുടെ എണ്ണം തിട്ടപ്പെടുത്തേണ്ട അധികഭാരവും ജീവനക്കാരില്‍ വന്നു ചേർന്നിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments