തൃശൂർ : പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹം. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയാണ് സംഭവം. ടി.എൻ.പ്രതാപനാണ് വേദിയിൽ പ്രഖ്യാപനം നടത്തിയത്
സുജിത്തിനെ പൊലീസ് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. 3 യുവാക്കളെ കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത സുജിത്തിനെ എസ്ഐ അടക്കം 4 പൊലീസുകാർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽനിന്നു ലഭിച്ചത്.
എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർ ചേർന്നു മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കരണത്തേറ്റ അടിയിൽ സുജിത്തിനു കേൾവിത്തകരാറും സംഭവിച്ചു. പൊലീസുകാർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തിരുന്നു. ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു മർദിക്കുകയായിരുന്നു. മർദിച്ച 4 പൊലീസുകാരെയും വിഡിയോ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.

