ദോഹ : ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം നടന്ന് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണവുമായി ഇസ്രയേൽ രംഗത്ത് വരുന്നത്. ജൂൺ 23നാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42ന് 14 മിസൈലുകൾ തൊടുത്തത്. മിസൈലുകളിലേറെയും വെടിവച്ചിട്ടു. ആക്രമണത്തിൽ ആർക്കും അപകടമില്ലെന്നാണ് ഖത്തർ അന്ന് അറിയിച്ചത്.
ഖത്തറിലെ അൽ ഉദൈദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ‘വിജയവിളംബരം’ എന്ന് പേരിട്ട ആക്രമണം അയൽരാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് ഇറാൻ അന്ന് പ്രതികരിച്ചത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് വർഷിച്ചതിന് തുല്യമായ എണ്ണം ബോംബുകൾ ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ വർഷിച്ചെന്നും ജനവാസമില്ലാത്ത പ്രദേശത്തായതിനാലാണ് അൽ ഉദൈദ് സൈനികതാവളം ആക്രമിച്ചതെന്നും ഇറാൻ പറഞ്ഞത്.
അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. പശ്ചിമേഷ്യയിൽ വ്യോമതാവളങ്ങളിലും യുദ്ധക്കപ്പലുകളിലുമായി 40,000 യുഎസ് സൈനികരാണുള്ളത്.
അതേസമയം, ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നലെ നടന്ന ഇസ്രയേൽ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ദോഹയിലെ കത്താറ ഡിസ്ട്രിക്ടിൽ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ്, എഎഫ്പി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ദോഹയിലെ ഹമാസ് കാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.

