ദുബൈ: ദുബൈ വിമാനത്താവളത്തിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട തമിഴ് യൂട്യൂബർക്ക് ഫോൺ വിമാനമാർഗം ചെന്നൈയിൽ എത്തിച്ച് നൽകി ദുബൈ പൊലീസിന്റെ സേവനം. യൂട്യൂബർ മദൻ ഗൗരിയാണ് തന്‍റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഒരാഴ്ച മുമ്പാണ് മദൻ ഗൗരി ദുബൈയിൽ നിന്ന് ചെന്നൈയിലേക്ക് എമിറ്റേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തത്. പുറപ്പെടുന്നതിന് മുമ്പ് തന്റെ ഐഫോൺ ദുബൈ വിമാനത്താവളത്തിൽ എവിടേയോ നഷ്ടപ്പെട്ടു. യാത്രക്കിടെ എയർഹോസ്റ്റസിനെ വിവരമറിയിച്ചപ്പോൾ ഇന്ത്യയിലെത്തിയ ശേഷം ഞങ്ങൾക്കൊരു ഒരു മെയിലയക്കാൻ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഒരു മൊബൈൽ ഫോൺ തിരിച്ചുകിട്ടാൻ മെയിൽ അയിച്ചിട്ട് എന്ത് പ്രയോജനം എന്നാണ് ആദ്യം കരുതിയത്. എങ്കിലും അങ്ങനെ ചെയ്തുവെന്ന് മദൻ ഗൗരി വീഡിയോയിൽ പറയുന്നു. താമസിയാതെ മറുപടി വന്നു. മൊബൈൽ ഫോണിന്‍റെ വിശദാംശങ്ങൾ നൽകാനായിരുന്നു ആവശ്യം.മൊബൈൽ ഫോണിന്‍റെ കവറിലുള്ള സ്റ്റിക്കറിന്റെയും കേടുപാടുകളുടെയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. ഉടൻ ഈ അടയാളങ്ങളുള്ള മൊബൈൽഫോൺ തങ്ങളുടെ പക്കലുണ്ടെന്ന് അധികൃതർ അറിയിച്ചു. തൊട്ടടുത്ത ദിവസം എമിറേറ്റ്സ് വിമാനത്തിൽ മൊബൈൽ ഫോൺ ചെന്നൈയിലെത്തി. ഉടമക്ക് കൈമാറി. സൗജന്യമായിരുന്നു ദുബൈ പൊലീസിന്‍റെ ഈ സേവനമെന്ന വിവരവും മദൻ ഗൗരി അതിശയത്തോടെ പങ്കുവെക്കുന്നു.

