മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. ആരാധകരെയും താരത്തിനെ സ്നേഹിക്കുന്നവരെയും സംബന്ധിച്ച് ഇതേറെ പ്രിയപ്പെട്ട പിറന്നാളുകളിൽ ഒന്നാണ്. രോഗവിമുക്തി നേടി മെഗാസ്റ്റാർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയ പിറന്നാൾ. “ഇതൊരു ബർത്ത്ഡേ അല്ല. റീബർത്ത് ഡേ ആണ്. ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം,” എന്നാണ് ജോൺ ബ്രിട്ടാസ് കുറിച്ചത്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് മോഹൻലാലും. തന്റെ പ്രിയപ്പെട്ട ഇച്ചാക്കയുടെ ചിത്രം പ്രിൻ്റ് ചെയ്ത് ഷർട്ട് അണിഞ്ഞാണ് ബിഗ് ബോസ് ഷോയിൽ അവതാരകനായി മോഹൻലാൽ ഇന്നെത്തുക. മോഹൻലാലിന്റെ ഈ ഗസ്ചർ മമ്മൂട്ടി ആരാധകരുടെയെല്ലാം ഹൃദയം തൊട്ടിരിക്കുകയാണ്.
നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പുകൾ പങ്കുവയ്ക്കുന്നത്. ഷെഫീഖ് വടക്കേതിൽ എന്നൊരു ആരാധകൻ കുറിച്ച വാക്കുകളിങ്ങനെ. ” എന്നും എപ്പോഴും എൻ്റെ മോളിവുഡിനോളം വലിപ്പം മറ്റൊന്നിനുണ്ടെന്ന് തോന്നുന്നില്ല, മറ്റൊരു ഇൻസസ്ട്രിയിലും ഇത് സാധ്യമാവുമെന്ന് തോന്നുന്നില്ല എന്നല്ല….സാധ്യമാവില്ല.മലയാളത്തിൽ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതുമല്ല സാഹോദര്യ സൗഹൃദബന്ധം അഥവാ ലാലും ഇച്ചാക്കയും. ഈ ഇൻഡസ്ട്രി രൂപം കൊണ്ട നാൾ മുതൽ സൗഹൃദത്തിൻ്റെ സഹോദര്യത്തിൻ്റെ മുഖങ്ങൾ കണ്ടേക്കാം, പക്ഷേ അത് മമ്മൂട്ടിയിലും മോഹൻലാലിലുമെത്തുമ്പോൾ അതിൻ്റെയെല്ലാം ഉച്ചസ്ഥായിയിൽ നമ്മളെയെത്തിക്കുന്നു.മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് മോഹൻലാൽ ബിഗ് ബോസിൽ മമ്മൂട്ടിയുടെ ചിത്രമുള്ള ഷർട്ടണിയുന്നു എന്നതാണ് ഈ മമ്മൂട്ടി ജന്മദിനത്തിൽ ഏറ്റവും ഹൈലൈറ്റാകുന്നത്.
ഒരു പക്ഷേ മലയാളിക്കിത് അത്ഭുതമല്ല, അവരുടെ കരിയർ തുടങ്ങിയ കാലം മുതൽ അവരുടെ പേരിൽ ഇവിടെ ഫാൻ ഫൈറ്റുകൾ കൊടുമ്പിരി കൊള്ളുമ്പോഴും തങ്ങളിലൊരാളുടെ പരാജയത്തിലൂടെ മറ്റൊരാൾക്ക് ഒന്നുകൂടി ഉയരാം എന്നത് നിലനിൽക്കുമ്പോഴും നമ്മളും നമ്മുടെ കൂടെയുള്ളവരും ചേരുന്നതാണ് ഈ ഇൻഡസ്ട്രി എന്നു പറഞ്ഞ് സഹോദരതുല്യരായിപ്പോകുന്ന രണ്ട് പേർ.ഇന്ന് മറ്റു പല ഇൻഡസ്ട്രികളിലും സൂപ്പർ താരങ്ങളുടെ ചങ്ങാത്തം കാണാമെങ്കിലും അത് ഇന്നുണ്ടായതാണ്. ഒരു പക്ഷേ അവരുടെയൊക്കെ കരിയറിൻ്റെ അവസാന കാലത്ത് എന്നു പറയാം, പക്ഷേ ഇവിടെ അന്നും ഇന്നും ആ സൗഹൃദമുണ്ട്, സഹോദര സനേഹമുണ്ട്.ലാലിൻ്റെ ഇച്ചാക്കാ എന്ന വിളിയോളം മനോഹരമായി മറ്റൊരാൾക്കും മമ്മൂട്ടിയെ അഭിസംബോധന ചെയ്യാനാവില്ല, കോവിഡ് കാലത്തെ മമ്മൂട്ടിയുടെ ജന്മദിനാശംസയോളം ഹൃദ്യസ്ഥമായ ജന്മദിനാശംസ ലാലിന് കിട്ടിയിട്ടുണ്ടാവില്ല, തൻ്റെ ഒരനിയെന്നോണം ലാലിസത്തിലുൾപ്പെടെ അയാളോളം ആർക്കാണ് ചേർത്തു പിടിക്കാനാവുക, ശബരിമലയിലെ വഴിപാടിനെ അതെൻ്റെ കടമയല്ലേ, സാധാരണ കാര്യമല്ലേ, കൂടുതൽ എനിക്കൊന്നും പറയാനില്ലെന്ന് ഒരു മമ്മൂട്ടിക്കും മോഹൻലാലിനുമല്ലാതെ ആർക്കാണ് സാധ്യമാവുക.അങ്ങനെ എത്രയോ എത്രയോ കാര്യങ്ങൾ…മോഹൻലാലിന്യം മമ്മൂട്ടിക്കും ശേഷം ഇവിടെ മോളിവുഡിന് മുഖങ്ങളുണ്ടായേക്കാം, അവരേക്കാൾ പുറത്തറിയുന്ന പാൻ ഇന്ത്യൻ താരങ്ങളുമുണ്ടായേക്കാം (നടൻമാരല്ല, താരങ്ങൾ ) പക്ഷേ… അവർ തമ്മിലുള്ളൊരു ബോണ്ടിങ്ങ് പോലെ ഇനിയുണ്ടാവുമെന്ന് തോന്നുന്നില്ല.ഞങ്ങളിലൊരാളുടേതല്ല മോളിവുഡ്ഞങ്ങൾ രണ്ട് പേരുടേതുമാണ് മോളിവുഡ്BlG MSൻ്റെ മോളിവുഡ്.”

