ഫ്ലോറിഡയിൽ ഹെലിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിന് ശേഷം സരസോട്ട തെരുവിലൂടെ നീന്തുന്നചീങ്കണ്ണികളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹെലീൻ ചുഴലിക്കാറ്റ് വൻ തോതിലുള്ള നാശനഷ്ടമാണ് ഫ്ലോറിഡ, കരോലിന, ജോർജിയ പ്രദേശങ്ങളിൽ വരുത്തിയത്. കാറ്റുമൂലം വലിയ പേമാരിയും വെള്ളപ്പൊക്കവും പലയിടങ്ങളിലും ഉണ്ടായി. നദികൾ പലതും കരകവിഞ്ഞു.
അതിനിടെ പല വന്യജീവികളും നദികളിലൂടെയും മറ്റും ഒഴുകി വന്ന് നഗരങ്ങളിൽ കരപ്പറ്റിയിട്ടുണ്ട്. സരസോട്ട നഗരത്തിൽ ചീങ്കണ്ണി നീന്തിനടക്കുന്നതായി എബിസി റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തിരുന്നു. പ്രളയ ജലത്തിലൂടെ നടക്കുന്നചീങ്കണ്ണികളെ കണ്ടെന്നും പലരും ഇതേ ജലത്തിൽ നീന്തി രസിക്കുന്നത് കണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു.
ശക്തമായ മഴയും വെള്ളപ്പൊക്കവും വന്യജീവികളെ നഗരങ്ങളിൽ എത്തിക്കുന്നത് സാധാരണമാണ്, 2022 സെപ്റ്റംബറിൽ തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിന് ശേഷം ചീങ്കണ്ണികളും പാമ്പുകളും കരടികളും ജനവാസ മേഖലയിൽ താവളം തേടിയിരുന്നു.
ഫ്ലോറിഡയിൽ 1.3 ദശലക്ഷം ചീങ്കണ്ണികൾ ഉണ്ട്. അവ മനുഷ്യരെ അപൂർവ്വമായി ആക്രമിക്കാറുള്ളു എങ്കിലും, ചിലപ്പോൾ അവ ആക്രമണകാരികളാകും. കഠിനമായ കാലാവസ്ഥ വ്യതിയാനം മനുഷ്യരെക്കാൾ മൃഗങ്ങളെയാണ് ബാധിക്കുന്നത്.
ചുഴലിക്കാറ്റിൻ്റെ സമയത്തോ ശേഷമോ വെള്ളപ്പൊക്കത്തിൽ ഇറങ്ങരുതെന്ന് വിദഗ്ധർ അഭ്യർത്ഥിച്ചിട്ടുണ്ട്.