വാഷിംഗ്ടൺ : തീരുവ ചുമത്തിയില്ലെങ്കിൽ യുഎസ് പൂർണമായും നശിപ്പിക്കപ്പെടുമെന്നും രാജ്യത്തിന്റെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കോടതി വിധിയെ വിമർശിച്ചാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് യുഎസിലെ ഫെഡറൽ അപ്പീൽ കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ വിധി പുറപ്പെടുവിച്ചത്.
‘റാഡിക്കൽ ലെഫ്റ്റ് ജഡ്ജിമാരുടെ കൂട്ടം’ എന്നാണ് വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ ട്രംപ് പൊട്ടിത്തെറിച്ചത്. ‘‘താരിഫുകളും, നമ്മൾ ഇതിനകം ഏറ്റെടുത്തിട്ടുള്ള ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ, നമ്മുടെ രാജ്യം പൂർണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാകും. റാഡിക്കൽ ഇടതുപക്ഷ ജഡ്ജിമാരുടെ സംഘം അതു കാര്യമാക്കിയില്ല.’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപ് തന്റെ അധികാരം ലംഘിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. തീരുവ നയങ്ങൾ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) പ്രകാരം അനുവദനീയമല്ലെന്നാണ് ഫെഡറൽ യുഎസ് കോടതി ഓഫ് അപ്പീൽസ് പറഞ്ഞത്. എക്സിക്യൂട്ടീവ് അധികാരത്തിന്റെ അഭൂതപൂർവമായ കടന്നുകയറ്റമാണ് ട്രംപ് നടത്തിയതെന്നും കോടതി പറഞ്ഞിരുന്നു.
നികുതികളും താരിഫുകളും ചുമത്താനുള്ള അധികാരം കോൺഗ്രസിന് ഭരണഘടന നൽകുന്ന അടിസ്ഥാന ഉത്തരവാദിത്തമാണെന്നും വിധി പുറപ്പെടുവിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുന്നത് ഒക്ടോബർ വരെ നീട്ടിവച്ചതിനാൽ പ്രഖ്യാപിച്ച തീരുവകൾ തൽക്കാലം തുടരുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ട്രംപിന് ഫെഡറൽ കോടതി വിധിക്കെതിരെ ഈ ഘട്ടത്തിൽ സുപ്രീം കോടതിയിയെ സമീപിക്കാനും സാധിക്കും

