Friday, December 5, 2025
HomeNewsപൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവിൽ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി

പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവിൽ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവിൽ മോട്ടോർവാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോർവാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനുനൽകുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

രാഷ്ട്രീയ ഇസ്പത് നിഗമിന്റെ (ആർഐഎൻഎൽ) കീഴിലുള്ള വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനകത്തെ സെൻട്രൽ ഡിസ്പാച്ച് യാഡിനകത്തുമാത്രം ഉപയോഗിച്ച 36 വാഹനങ്ങൾക്ക് നികുതിചുമത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധിപറഞ്ഞത്. ഇവയ്ക്ക് നികുതിയൊഴിവാക്കിത്തരണമെന്ന താരാചന്ദ് ലോജിസ്റ്റിക് സൊലൂഷൻസ് കമ്പനിയുടെ ആവശ്യം ആന്ധ്രപ്രദേശ് അധികൃതർ തള്ളിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സിംഗിൾബെഞ്ചിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചു.

ഡിസ്പാച്ച് യാഡിനകത്തേക്ക് മറ്റാർക്കും പ്രവേശനമില്ലെന്നും അതിനാൽ പൊതുസ്ഥലമായി കാണാനാവില്ലെന്നുമുള്ള കമ്പനിയുടെ വാദം ഹൈക്കോടതി സിംഗിൾബെഞ്ച് അംഗീകരിച്ചു. മോട്ടോർവാഹന നികുതിയായി കമ്പനിയിൽനിന്ന് ഈടാക്കിയ 22,71,700 രൂപ തിരിച്ചുനൽകാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷൻബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ആന്ധ്രപ്രദേശിലെ മോട്ടോർവാഹനനികുതി നിയമത്തിലെ മൂന്നാംവകുപ്പിൽ പൊതുസ്ഥലമെന്ന വാക്ക് ബോധപൂർവമാണ് നിയമനിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് വാഹനമുപയോഗിക്കാത്തതിനാൽ പൊതു അടിസ്ഥാനസൗകര്യ നേട്ടങ്ങളും ലഭിക്കുന്നില്ല. അതിനാൽ പൊതുസ്ഥലത്ത് ഉപയോഗിക്കാത്തകാലത്ത് മോട്ടോർവാഹന നികുതി ചുമത്താൻപാടില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻകൂടി ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ വിധി റദ്ദാക്കിയ സുപ്രീംകോടതി, സിംഗിൾബെഞ്ചിന്റെ വിധി പുനഃസ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments