വാഷിംഗ്ടൺ : വിവിധ രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ അധിക തീരുവ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച ഫെഡറൽ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിക നികുതി റദ്ദാക്കിയാൽ അമേരിക്ക മൂന്നാംലോക രാജ്യമാകുന്നതു കാണേണ്ടിവരുമെന്നും 15 ട്രില്യൻ ഡോളറിന്റെ നിക്ഷേപമാണ് നഷ്ടപ്പെടാൻ പോകുന്നതെന്നും ട്രംപ് വിമർശിച്ചു. ‘റാഡിക്കൽ ലെഫ്റ്റ്’ എന്നാണു ട്രംപ് കോടതിയെ വിശേഷിപ്പിച്ചത്
‘‘തീരുവ റദ്ദാക്കാൻ ഇടതുപക്ഷ കോടതി അനുവാദം നൽകുകയാണെങ്കിൽ എല്ലാ നിക്ഷേപവും ഉടനടി ഇല്ലാതാകും. യുഎസ് മഹത്വത്തിലേക്ക് ഒരു മാർഗവുമില്ലാത്ത മൂന്നാംലോക രാഷ്ട്രമായി മാറും. 15 ട്രില്യൻ ഡോളറാണ് യുഎസിൽ നിക്ഷേപമായി എത്താനിരുന്നത്. ഇവയിലേറെയും തീരുവ മൂലമാണ്. തീരുവ റദ്ദാക്കപ്പെട്ടാൽ ഈ നിക്ഷേപങ്ങളും ഉടനടി റദ്ദാക്കപ്പെടും’’– ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
ലംഘനവുമാണെന്നാണ് കഴിഞ്ഞ ദിവസം യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചത്. തീരുവകൾ ഇല്ലാത്ത അധികാര പ്രയോഗമാണെന്നും നിയമവിരുദ്ധമാണെന്നും കഴിഞ്ഞ മേയിൽ കീഴ്ക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയപ്പോഴായിരുന്നു ഫെഡറൽ കോടതിയുടെ വിധി. അതേസമയം, സുപ്രീംകോടതിയിൽ അപ്പീൽ നൽകാനായി ഒക്ടോബർ 14 വരെ കോടതി വിധി മരവിപ്പിച്ചിട്ടുണ്ട്.
159 ബില്യൻ ഡോളറാണ് നികുതിയിൽ നിന്ന് ജൂൺ വരെ യുഎസിന് ലഭിച്ച വരുമാനം. കഴിഞ്ഞ വർഷം ജൂണിലേതിനെക്കാൾ ഇരട്ടിയാണിത്. ഇതു തിരിച്ചുനൽകേണ്ടിവന്നാൽ യുഎസ് പ്രതിസന്ധിയിലാകും. കൂടാതെ, നികുതി ഭീഷണിയിലൂടെ നിരവധി രാജ്യങ്ങൾ യുഎസിന് വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളും റദ്ദാക്കപ്പെടും
തീരുവ ചുമത്താനുള്ള അധികാരം പ്രസിഡന്റിന് യുഎസ് കോൺഗ്രസ് നൽകുന്നില്ലെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയത്. യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടിലെ 7 ജഡ്ജിമാരും ട്രംപിന്റെ തീരുവ അധികാര ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ 4 ജഡ്ജിമാർ ട്രംപിന്റെ തീരുവയെ അനുകൂലിച്ചിരുന്നു.

