വാഷിങ്ടൺ: യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് യുഎസ് വിസ നിഷേധിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും തീവ്രവാദത്തിന് ഫണ്ടിങ് നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കം ഫലസ്തീൻ അതോറിറ്റി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവയിലെ മുതിർന്ന നേതാക്കൾക്ക് വിസ തടയുന്ന ശിപാർശയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പുവെച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
”യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നിയമങ്ങളും ദേശീയ സുരക്ഷാ താത്പര്യങ്ങളും പാലിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പിഎൽഒ, പിഎ അംഗങ്ങൾക്ക് വിസ നിഷേധിക്കുകയും റദ്ദാക്കുകയും ചെയ്യുന്നു”- സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ പറഞ്ഞു.

