റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അറുതിവരുത്താൻ ഇരു രാജ്യങ്ങളും ഉടൻ ശ്രമിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ആയി ചുമതലയേൽക്കുന്ന ആദ്യ ദിവസംതന്നെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, തന്റെ ഇടപെടലുണ്ടായിട്ടും റഷ്യയും യുക്രെയ്നും വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ട്രംപ്. ഇതൊരു ലോക മഹായുദ്ധത്തിലേക്ക് പോകില്ലെന്നും എന്നാൽ ‘സാമ്പത്തിക യുദ്ധ’മായിരിക്കും നടക്കുകയെന്നും അതു വളരെ മോശമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിൽ ക്യാബിനറ്റ് അംഗങ്ങളുമായി നടത്തിയ യോഗത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. യുക്രയ്നുമായി വെടിനിർത്തൽ ഉടമ്പടിയിലേക്ക് കടക്കാൻ റഷ്യൻ പ്രസിഡന്റ് പുട്ടിനു മുന്നിൽ ട്രംപ് സമയപരിധി വച്ചിരുന്നു. ശേഷം യുഎസിലെ അലാസ്കയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. പിന്നാലെ, യൂറോപ്യൻ നേതാക്കളുടെ സാന്നിധ്യത്തിൽ യുക്രെയ്ൻ നേതാവ് സെലെൻസ്കിയുമായും ട്രംപ് ചർച്ച നടത്തിയിരുന്നു. പക്ഷേ, അതിനുശേഷവും യുക്രെയ്നും റഷ്യയും പരസ്പരം ആക്രമണം കടുപ്പിക്കുന്നതായിരുന്നു കാഴ്ച.

