മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ കത്തോലിക്ക സ്‌കൂളിൽ വെടിവെയ്പ്പ്. അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്ക്. ആക്രമണത്തിന് പിന്നാലെ കൊലയാളി ജീവനൊടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. എട്ട്, പത്ത് വയസുള്ള കുട്ടികളാണ് മരിച്ചതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനൺസിയേഷൻ കത്തോലിക്ക സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ദിവസം മുമ്പാണ് സ്‌കൂളിൽ അധ്യയനം ആരംഭിച്ചത്. 395 വിദ്യാർത്ഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണിത്.
സംഭവത്തെ കുറിച്ച് ഭീതിജനകമെന്നായിരുന്നു മിനസോട്ട ഗവർണർ ടിം വാൾസ് പ്രതികരിച്ചത്. വെടിവെപ്പ് നടക്കുമ്പോൾ കുട്ടികൾ പ്രഭാത പ്രാർത്ഥനയിൽ ആയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളും അധ്യാപകരും അടക്കം നിരവധി പേരാണ് പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നതെന്നാണ് വിവരം. ഇക്കാര്യം ടിം വാൾസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊലീസ്, എഫ്ബിഐ, മറ്റ് സുരക്ഷാ ഏജൻസികൾ, ആംബുലൻസ് എന്നിവ സ്ഥലത്ത് എത്തി കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിനിയാപൊളിസിലെ ഏറ്റവും വലിയ നഗരത്തിന്റെ തെക്കുകിഴക്കൻ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1923 മുതൽ പ്രവർത്തിച്ചുവരുന്ന സ്‌കൂളിൽ പ്രീ- കിൻഡർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ബുധനാഴ്ച രാവിലെ 8.15ന് പ്രാർത്ഥന നടത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ചയായിരുന്നു സ്‌കൂളിലെ ആദ്യദിനം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലുണ്ടായ വെടിവെപ്പിന്റെ തുടർച്ചയാണ് ഈ ആക്രമണം.

