Friday, December 5, 2025
HomeUncategorizedഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന തീരുമാനം: എച്ച്-1ബി വിസകളും ഗ്രീന്‍ കാര്‍ഡ് സംവിധാനവും റദ്ദാക്കാൻ അമേരിക്ക

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന തീരുമാനം: എച്ച്-1ബി വിസകളും ഗ്രീന്‍ കാര്‍ഡ് സംവിധാനവും റദ്ദാക്കാൻ അമേരിക്ക

വാഷിംഗ്ടണ്‍: എച്ച്-1ബി വിസകളും ഗ്രീന്‍ കാര്‍ഡ് സംവിധാനവും മാറ്റാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടെന്ന സൂചനനല്‍കി വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്. എച്ച്1-ബി വിസ സമ്പ്രദായം ‘ഭയാനകം’ എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഈ സംവിധാനം അമേരിക്കന്‍ തൊഴിലാളികളെ മാറ്റി വിദേശീയരെ എത്തിക്കുന്ന ഒരു ‘അഴിമതി’യാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ വാക്കുകള്‍ എച്ച്-1ബി ഉടമകളില്‍ ബഹുഭൂരിപക്ഷവും വരുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഇന്ത്യക്കാര്‍ക്ക് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കാണ് വേദിയൊരുങ്ങുന്നതെന്ന് സാരം.

‘നിലവിലെ എച്ച്-1ബി വിസ സമ്പ്രദായം വിദേശ തൊഴിലാളികളെ അമേരിക്കന്‍ തൊഴിലവസരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഒരു തട്ടിപ്പാണ്. അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുക എന്നത് എല്ലാ മികച്ച അമേരിക്കന്‍ ബിസിനസുകളുടെയും മുന്‍ഗണനയായിരിക്കണം,’ ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിന് നല്‍കിയ അഭിമുഖത്തില്‍ ലുട്നിക് പറഞ്ഞു.ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഗ്രീന്‍ കാര്‍ഡിലും മാറ്റങ്ങള്‍ വരുത്തുമെന്ന് പറഞ്ഞ ലുട്നിക് ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഒരു ‘ഗോള്‍ഡ് കാര്‍ഡ്’ അവതരിപ്പിക്കുമെന്നും പറഞ്ഞു. ”ഞങ്ങള്‍ ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നു. ശരാശരി അമേരിക്കക്കാരന്‍ പ്രതിവര്‍ഷം 75,000 ഡോളറും ശരാശരി ഗ്രീന്‍ കാര്‍ഡ് സ്വീകര്‍ത്താവ് 66,000 ഡോളറും സമ്പാദിക്കുന്നു. അപ്പോള്‍ നമ്മള്‍ ഏറ്റവും കുറഞ്ഞ ക്വാര്‍ട്ടൈല്‍ എടുക്കുന്നു. നമ്മള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?” ലുട്നിക് ചോദിച്ചു. ”വരാനിരിക്കുന്ന ഗോള്‍ഡ് കാര്‍ഡ് വഴി ഈ രാജ്യത്തേക്ക് വരാന്‍ ഏറ്റവും നല്ല ആളുകളെയാണ് ഞങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത്. അത് മാറേണ്ട സമയമായി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എച്ച്-1ബി വിസ പ്രോഗ്രാമിനുള്ള പിന്തുണ പ്രസിഡന്റ് ട്രംപ് വീണ്ടും ഉറപ്പിച്ചു പറഞ്ഞതിനു പിന്നാലെയാണ് ലുട്‌നിക് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. യുഎസിലേക്ക് ‘കഴിവുള്ളവരും’ ‘മികച്ചവരുമായ’ വ്യക്തികളെ കൊണ്ടുവരുന്നതിന് എച്ച്-1ബി വിസ പ്രോഗ്രാം അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.വിസ സമ്പ്രദായത്തിലെ ഏതൊരു മാറ്റവും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. 2023 സാമ്പത്തിക വര്‍ഷത്തില്‍, യുഎസിലെ അംഗീകൃത എച്ച്-1ബി വിസകളില്‍ 72% ത്തിലധികവും ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments