Friday, December 5, 2025
HomeAmericaഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യു എസ്സിൽ 50 ശതമാനം തീരുവ നാളെ മുതൽ പ്രാബല്യത്തിൽ എന്ന്...

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യു എസ്സിൽ 50 ശതമാനം തീരുവ നാളെ മുതൽ പ്രാബല്യത്തിൽ എന്ന് ട്രംപ്

വാഷിംഗ്ടണ്‍ : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി യുഎസ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച അധിക തീരുവ വൈകാതെ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കുന്ന നീക്കവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം. ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് സംബന്ധിച്ച സമയപരിധി അവസാനിക്കാനിരിക്കെ, യുഎസ് പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ചു. ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസിദ്ധീകരിച്ച കരട് നോട്ടീസില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് യുഎസ് വിശദീകരിച്ചു.

വര്‍ദ്ധിപ്പിച്ച തീരുവകള്‍ 2025 ഓഗസ്റ്റ് 27 ന് അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12:01 ന് നിലവില്‍ വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സമാധാന കരാര്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുന്നതായാണ് മനസിലാക്കുന്നതെന്നും വര്‍ദ്ധിപ്പിച്ച തീരുവകളുമായി മുന്നോട്ട് പോകാന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു എന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. റഷ്യയുമായി വ്യാപാരബന്ധം നിലനിര്‍ത്തുന്ന ഇന്ത്യക്ക് തീരുവ ചുമത്തി, റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്റെ തന്ത്രം കൂടിയാണിത്. ഇതിലൂടെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക.

അതേസമയം ട്രംപിന്റെ ഈ ഉയര്‍ന്ന തീരുവയ്‌ക്കെതിരെ നേരത്തെതന്നെ ഇന്ത്യ രംഗത്തുവന്നിരുന്നു. ഇത് അന്യായമാണെന്നും ട്രംപിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.കര്‍ഷകരുടെയും ചെറുകിട ബിസിനസുകളുടെയും താല്‍പ്പര്യങ്ങളില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ മുന്നറിയിപ്പ്.

തന്നെ സംബന്ധിച്ചിടത്തോളം, കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടേയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പരമപ്രധാനമാണ്. നമ്മുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം, പക്ഷേ ഞങ്ങള്‍ അതെല്ലാം സഹിക്കും എന്ന് അഹമ്മദാബാദില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ‘ചക്രധാരി’ ഭഗവാന്‍ കൃഷ്ണനും ‘ചര്‍ക്കധാരി’ മഹാത്മാഗാന്ധിയും ഇന്ത്യയെ ശാക്തീകരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments