ലണ്ടൻ : ബ്രിട്ടനിൽ ക്രിമിനൽ കുറ്റങ്ങളിൽ ചെയ്യുന്നവർക്ക് യാത്രാവിലക്ക് ഉൾപ്പെടെ കർശന നിരോധനങ്ങൾ ഉൾപ്പെടുന്ന ശിക്ഷയ്ക്ക് നിയമഭേദഗതി. സ്പോർട്സ്, സംഗീത വേദികൾ, പബ്ബുകൾ ഉൾപ്പെടെ ഒട്ടേറെ പൊതുവേദികളിൽ കുറ്റവാളികൾക്ക് വിലക്ക് ഏർപ്പെടുത്തും. ലഹരിമരുന്ന് ഉപയോഗത്തിനു സമൂഹസേവന ശിക്ഷ ലഭിക്കുന്നവർക്ക് ആ സേവനകേന്ദ്രങ്ങളിൽ മാത്രം യാത്രാസ്വാതന്ത്ര്യം അനുവദിക്കാൻ കോടതിക്ക് അധികാരം നൽകുന്നതാണ് നിയമഭേദഗതി.എല്ലാ കുറ്റവാളികളും ഇടയ്‌ക്കിടെ ലഹരിവസ്തു ഉപയോഗ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് നിയമസെക്രട്ടറി ഷബാന മഹമൂദ് അറിയിച്ചു. ഏതു സാഹചര്യത്തിലും എല്ലാ കുറ്റങ്ങൾക്കും വിലക്കുശിക്ഷ ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്നും അവർ പറഞ്ഞു. കുറ്റവാളികൾ വർധിച്ചതിനെത്തുടർന്ന് ബ്രിട്ടനിലെ ജയിലുകളിൽ ഇടമില്ലാത്ത പ്രശ്നം നേരിട്ടിരുന്നു.

