തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ പി.സി.ജോർജിനും സ്വപ്നാ സുരേഷിനുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. കെ.ടി.ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം.
സ്വർണക്കടത്ത് വിവാദം നിലനിൽക്കേ, പി.സി.ജോർജും സരിത എസ്.നായരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. സ്വർണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കും ഓഫീസിനും ബന്ധമുണ്ടെന്ന് സ്വപ്ന ആരോപണമുന്നയിച്ചതിനെപ്പറ്റി ജോർജ് പറയുന്നത് ഈ സംഭാഷണശകലത്തിലുണ്ടായിരുന്നു. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു കെ.ടി.ജലീൽ പരാതി നൽകിയത്.
കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു വിട്ടു. വ്യാജ ആരോപണമുന്നയിച്ച് പ്രതിപക്ഷ പാർട്ടികളെക്കൊണ്ട് സമരം നടത്തി കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനനാണ് കേസ് അന്വേഷിച്ചത്.

