അഹ്മദാബാദ്: കർഷകരുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും ചെറുകിട വ്യവസായികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മർദം വർധിച്ചാലും അതിനെ നാം നേരിടുമെന്നും 50 ശതമാനം യു.എസ് തീരുവ നടപ്പാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക രാഷ്ട്രീയം ഇന്ന് പ്രധാനമായും കറങ്ങുന്നത് സാമ്പത്തിക താൽപര്യങ്ങളുടെ പുറത്താണ്. ഓരോരുത്തരും സ്വന്തത്തെ കുറിച്ച് ഉത്കണ്ഠപ്പെടുകയാണെന്നും മോദി പറഞ്ഞു.
അതേസമയം, റഷ്യയെ സമ്മർദത്തിലാക്കുന്നതിനാണ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ ആക്രമണം നിർത്തിയാൽ റഷ്യക്ക് ആഗോളസമ്പദ്‍വ്യവസ്ഥയിലേക്ക് തിരികെ എത്താനാവും. എന്നാൽ, ആക്രമണം തുടരുകയാണെങ്കിൽ അവർക്ക് ഒറ്റപ്പെട്ട് തന്നെ നിൽക്കേണ്ടി വരുമെന്ന് ജെ.ഡി വാൻസ് പറഞ്ഞു. നേരത്തെ റഷ്യൻ എണ്ണ വാങ്ങിയതിൽ ഇന്ത്യക്കുമേൽ ഡോണൾഡ് ട്രംപ് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു.
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. കുറഞ്ഞ വിലക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ അറിയിച്ചു.
റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസംരക്ഷണം ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 50 ശതമാനം തീരുവ ഡോണൾഡ് ട്രംപ് ചുമത്തിയതിന് ശേഷം ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളുമായുള്ള പങ്കാളിത്തം എണ്ണ വിപണിയിൽ സുസ്ഥിരത കൊണ്ടു വരാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് യു.എസ് തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരമെന്നത് ഇന്ത്യയുടെ അവകാശമാണ്. ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരും. നിലവിലെ സാഹചര്യം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യു.എസ് ഭീഷണിക്കിടെ അധിക ഡിസ്കൗണ്ടിൽ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.

