ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായിട്ടാണ് വിവരം.
മേഘവിസ്ഫോടനം മേഖലയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവച്ചതായിട്ടും റിപ്പോർട്ട്. തരാലി മാർക്കറ്റ്, കോട്ദീപ്, തരാലി തഹസിൽ സമുച്ചയം എന്നിവയ്ക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. തഹസിൽ സമുച്ചയത്തിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും ശക്തമായ ഒഴുക്ക് നഗരത്തിലെ തെരുവുകളെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ്.
സമീപത്തുള്ള സാഗ്വാര ഗ്രാമത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു പെൺകുട്ടി മരിച്ചതായും റിപ്പോർട്ടുണ്ട്. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചതോടെ പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയാതായും റിപ്പോർട്ടുണ്ട്.
ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. മുന്നറിയിപ്പ് ഇന്ന് ഉച്ചവരെയായിരുന്നു. ഇതിനിടെയാണ് ചമോലിയിലെ ദുരന്തം.

