വാഷിങ്ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസഡറായി സെര്‍ജിയോ ഗോര്‍ നിയമിതനാവുമ്പോള്‍ ആളിക്കത്തുന്നത് ഒരിക്കല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്തയാളും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായുള്ള ഏറ്റുമട്ടലുകളാണ്. കഴിഞ്ഞ മെയില്‍ ട്രംപ് ഭരണകൂടത്തില്‍നിന്ന് മസ്‌ക് പടിയിറങ്ങുന്നതിന് മുമ്പ് ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ധന്യത്തില്‍ എത്തിയിരുന്നു. അന്ന് ഗോറിനെ പാമ്പ് എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. വിഷജീവി എന്ന അർഥത്തിലാണ് മസ്‌ക് ഈ പ്രയോഗം നടത്തിയത്.
ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രേഖകള്‍ പരിശോധിച്ചിട്ടും വൈറ്റ് ഹൗസ് പേഴ്‌സണല്‍ ഓഫീസിന്റെ ഡയറക്ടറായ സെര്‍ജിയോ ഗോര്‍ സ്വന്തം രേഖകള്‍ പൂരിപ്പിച്ച് നല്‍കിയില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മസ്‌കിന്റെ പാമ്പ് വിശേഷണം. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളിക്കളയുകയും ഗോറിന്റെ ക്ലിയറന്‍സ് നിലവിലുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സുരക്ഷാ ക്ലിയറന്‍സിനു പുറമെ, ഉദ്യോഗസ്ഥ നിയമനങ്ങളിലും ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. നിയമന രീതികളെച്ചൊല്ലി മന്ത്രിസഭാ യോഗങ്ങളില്‍ ഗോറിനെ മസ്‌ക് ശാസിച്ചിരുന്നു. മസ്‌കിന്റെ സുഹൃത്തായ ജാരെഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നത് റദ്ദാക്കിയതാണ് ഇരുവരും തമ്മിലുള്ള മറ്റൊരു തര്‍ക്കവിഷയം. ഐസക്മാന്‍ മുന്‍പ് ഡെമോക്രാറ്റുകള്‍ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള ഒരു ഫയല്‍ ഗോര്‍ പ്രസിഡന്റ് ട്രംപിന് സമര്‍പ്പിച്ചെന്നും ഇതാണ് നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് മസ്‌കിനെ കൂടുതല്‍ പ്രകോപിപ്പിച്ചു.

