വാഷിംഗ്ടണ്‍ ഡിസി: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ പ്രചാര രേഖകള്‍ ഹാക്ക് ചെയ്തതിന് സൈബര്‍ ചാരവൃത്തിയുമായി ബന്ധപ്പെട്ട് മൂന്ന് ഇറാനികള്‍ക്കെതിരെ യുഎസിലെ ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തി. ഇറാന്‍, ചൈന, റഷ്യ എന്നിവയുടെ യുഎസിലെ തിരഞ്ഞെടുപ്പ് ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നടപടി എത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിലെ അംഗങ്ങളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (IRGC) വേണ്ടി ഒരു വര്‍ഷത്തോളം നീണ്ട ഹാക്കിംഗ് ഓപ്പറേഷന്‍ നടത്താന്‍ മൂന്ന് പ്രതികളും മറ്റ് നിരവധി ഹാക്കര്‍മാരുമായി ഗൂഢാലോചന നടത്തിയതായി യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രധാന വ്യക്തികള്‍ക്കും ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അയച്ചതായി ആരോപിക്കപ്പെടുന്നു. ബൈഡന്‍ പിന്മാറുകയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്.