കോഴിക്കോട്: അര്‍ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കാനൊരുങ്ങുകയാണ് ജന്‍മനാടായ കണ്ണാടിക്കല്‍. ഇന്നലെ മുതല്‍ തന്നെ ആളുകള്‍ അര്‍ജുന്‍റെ വീട്ടിലെത്തിത്തുടങ്ങിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തുന്നുണ്ട്. പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജുന്‍റെ ലോറി കണ്ടെത്തുന്നത്. ഇക്കാലയളവിലെല്ലാം അര്‍ജുന്‍ ജീവനോടെ തിരികെയത്തുമെന്ന പ്രതീക്ഷ ഓരോ മലയാളിയും മനസില്‍ സൂക്ഷിച്ചിരുന്നു. വളരെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ കേരളത്തിന്‍റെ മകനായി മാറിക്കഴിഞ്ഞിരുന്നു അര്‍ജുന്‍. ഓരോ ദിവസവും അര്‍ജുനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്ന പ്രതീക്ഷയിലായിരുന്നു മലയാളികള്‍. എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം അര്‍ജുന്‍റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. അര്‍ജുന്‍റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഇന്ന് രാവിലെയാണ് അർജുന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എ. കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കെ.കെ രമ എംഎൽഎ, കോഴിക്കോട് കലക്ടർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങാൻ ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയിരുന്നു.
7.30ന് കണ്ണാടിക്കൽ ബസാറിൽനിന്ന് വിലാപയാത്ര ആരംഭിക്കും. എട്ട് മുതൽ അർജുന്റെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. തുടർന്നാണ് സംസ്കാരം നടക്കുക.