ന്യൂഡൽഹി : ഗുണ്ടയെപ്പോലെ യുഎസ് പെരുമാറുന്നെന്ന വിമർശനവുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്ഹോങ്. സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് എപ്പോഴും പ്രയോജനം നേടിയിരുന്ന യുഎസ് ഇപ്പോൾ താരിഫുകൾ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണെന്നും ഷൂ ഫെയ്ഹോങ് കുറ്റപ്പെടുത്തി. ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ (സിആർഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ഷൂ ഫെയ്ഹോങ് യുഎസിനെതിരെ വിമർശനം ഉന്നയിച്ചത്. ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുമെന്നും ഇരുരാജ്യങ്ങളും ഏഷ്യയിലെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും അദ്ദേഹം പറഞ്ഞു.
‘‘യുഎസ് ദീർഘകാലം സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്ന് അമിതമായ വിലകൾ ആവശ്യപ്പെടാൻ താരിഫുകളെ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണ്. ഇന്ത്യയിൽ 50% വരെ താരിഫ് യുഎസ് ചുമത്തി. കൂടുതൽ ചുമത്തുമെന്നും ഭീഷണിയുണ്ട്. ചൈന ഇതിനെ ശക്തമായി എതിർക്കുന്നു. കാരണം നിശ്ശബ്ദത ഗുണ്ടയെ കൂടുതൽ ധൈര്യശാലിയാക്കുകയേയുള്ളൂ’’– അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങളെയും ചൈനീസ് വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ഇരു രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വർധിപ്പിക്കുകയും പരസ്പര സംശയം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇരു രാജ്യങ്ങളും പങ്കാളികളാണ്, എതിരാളികളല്ല. സംഭാഷണത്തിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണം. കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യും.

