Friday, December 5, 2025
HomeIndia"വോട്ടു ചോർ, ഗദ്ദി ഛോഡ്": രാഹുലിന്റെ വോട്ടർ അധികാർ യാത്രക്ക് ഗംഭീര തുടക്കം

“വോട്ടു ചോർ, ഗദ്ദി ഛോഡ്”: രാഹുലിന്റെ വോട്ടർ അധികാർ യാത്രക്ക് ഗംഭീര തുടക്കം

സാസാറാം (ബിഹാർ): ‘വോട്ടുകള്ളൻ കസേര വിടൂ’ (വോട്ടു ചോർ, ഗദ്ദി ഛോഡ്) വിളികൾ അലയടിച്ച അന്തരീക്ഷം. സാസാറാമിലെ സുഅറ എയർ സ്ട്രിപ്പിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ സമരാവേശത്തിന്റെ കൊടുമുടിയിലാണ്. വോട്ട് കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അവകാശ യാത്ര(വോട്ടർ അധികാർ യാത്ര)യുടെ തുടക്കമായി .

മുതിർന്ന ആർ.ജെ.ഡി രാഷ്ട്രീയ നേതാവ് ലാലു പ്രസാദ് യാദവിനെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും ഇൻഡ്യ സഖ്യത്തിന്റെ ബിഹാറിലെ മുഴുവൻ ഘടകകക്ഷി നേതാക്കളെയും സാക്ഷിനിർത്തി ഇനിയങ്ങോട്ട് ഒരു തെരഞ്ഞെടുപ്പും മോഷ്ടിക്കാൻ കമീഷനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്, 16 ദിവസം കൊണ്ട് 13,000 കിലോമീറ്റർ ദൂരം താണ്ടുന്ന വോട്ടർ അവകാശ യാത്രക്ക് രാഹുൽ തുടക്കമിട്ടു. കോൺഗ്രസ് നിശ്ചയിച്ച വോട്ടർ അധികാർ യാത്ര ഇന്ത്യ സഖ്യത്തിന്റെ ജന മുന്നേറ്റമായി മാറുന്നതാണ് സാസാറാമിലെ ഉദ്ഘാടന വേദിയിലും സദസ്സിലും കണ്ടത്.

ബി.ജെ.പിയുമായി ചേർന്ന് തെരഞ്ഞെടുപ്പു കമീഷൻ തെരഞ്ഞെടുപ്പുതന്നെ മോഷ്ടിക്കുകയാണെന്ന് മഹാരാഷ്ട്രയുടെയും മറ്റു സംസ്ഥാനങ്ങളുടെയും വോട്ടർ പട്ടികയിലെയും ലോക്സഭ – നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിലെയും അന്തരങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. താൻ നടത്തിയ വാർത്ത സമ്മേളനത്തോടെ തെരഞ്ഞെടുപ്പ് മോഷ്ടിക്കുന്നതെങ്ങനെയെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും രാഹുൽ പറഞ്ഞു. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒന്നടങ്കം മോഷ്ടിച്ച ശേഷം ബിഹാറിലെ വോട്ടർപട്ടിക തീവ്ര പരിശോധന നടത്തി വോട്ടർമാരെ വെട്ടി മാറ്റാനും പല വ്യാജ വോട്ടർമാരെയും കൂട്ടിച്ചേർക്കാനുമുള്ള തന്ത്രമാണ് ഒടുവിൽ പയറ്റുന്നത്.

തന്നോടും ബി.ജെ.പിയോടും രണ്ടു സമീപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ പുലർത്തിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി. വോട്ട് ചോരിയിൽ താൻ വാർത്തസമ്മേളനം നടത്തിയപ്പോൾ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കമീഷൻ അതേ ആരോപണവുമായി ബി.ജെ.പി നേതാവ് പാർട്ടി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കമീഷൻ വളരെ തുറന്ന രീതിയിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇത്തരത്തിൽ ജനഹിതം അട്ടിമറിക്കാനും തെരഞ്ഞെടുപ്പ് മോഷ്ടിക്കാനുമുള്ള ശ്രമങ്ങളെ എന്തുവില കൊടുത്തും ഇന്ത്യ സഖ്യം പരാജയപ്പെടുത്തുമെന്ന് രാഹുൽ ഓർമിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments