നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയതായി സൂചന. ഇതേത്തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ച വിമാനം റദ്ദാക്കി. യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാടാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. വിമാനത്തിൽ യാത്രക്കാരനായിരുന്ന ഹൈബി ഈഡൻ എം.പിയാണ് വിവരം ആദ്യം പുറത്തുവിട്ടത്. ‘AI 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹൈബി ഈഡൻ എംപി, ഭാര്യ അന്ന ലിൻഡ ഈഡൻ, ആന്റോ ആന്റണി, ജെബി മേത്തര്‍ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു

