തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താന്‍ മന്ത്രിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂരില്‍ ശക്തൻ തമ്പുരാന്റെ പ്രതിമയില്‍ മാലയിട്ട ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘‘‘നിങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് ചീഫ് ഇലക്‌ഷൻ കമ്മിഷൻ മറുപടി പറയും. എന്തുകൊണ്ട് ഞാൻ മറുപടി പറഞ്ഞില്ല? മറുപടി പറയേണ്ടത് അവരാണ്. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാൻ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. മറുപടി പറയേണ്ടവർ ഇന്ന് മറുപടി പറയും. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ അവരോട് ചോദിക്കാം. അല്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ ചോദിക്കാം. ഇവിടെ കുറച്ച് വാനരൻമാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാൻ പറയൂ’’–സുരേഷ്ഗോപി പറഞ്ഞു.
ഇതിനിടെ തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തില്‍ ഇത്തരം വോട്ടുകളുള്ള ബൂത്തുകളിലെ ബിഎല്‍ഒമാരുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് എല്‍ഡിഎഫ്. മിക്കയിടങ്ങളിലും ബിഎല്‍ഒമാര്‍ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്. ഇവരെ തിരഞ്ഞെടുത്തതു മുതല്‍ വ്യാജവോട്ടു ചേര്‍ത്തതുവരെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശ്ശൂര്‍ കളക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജ വ്യാജവോട്ടിനായി ഇടപെട്ടെന്ന് സിപിഐ പരസ്യമായി ആരോപിച്ചു. ശനിയാഴ്ച സിപിഐ തൃശ്ശൂരില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സിലാണ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പ്രത്യുപകാരമായാണ് കൃഷ്ണതേജയ്ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രത്യേക ചുമതലയില്‍ നിയമനം കിട്ടിയതെന്നും കുറ്റപ്പെടുത്തി.
വ്യാജവോട്ടിനെപ്പറ്റി പരാതി നല്‍കിയിട്ടും മറുപടിനല്‍കാതെ തിരഞ്ഞെടുപ്പുവരെ കൃഷ്ണതേജ നീട്ടിക്കൊണ്ടുപോയതായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ഫോണിലൂടെയാണ് മറുപടി നല്‍കിയത്. മറുപടി രേഖാമൂലം കിട്ടിയിരുന്നെങ്കില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുമായിരുന്നു. വ്യാജവോട്ടില്‍ കൃഷ്ണതേജയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

