Friday, December 5, 2025
HomeNewsപാർട്ടി മത്സരിക്കാതെ രാഷ്ട്രീയ ശത്രുക്കളെ തോല്‍പ്പിക്കാൻ ഉന്നം വെച്ച് ബിജെപി: സംസ്ഥാന ബിജെപിയിൽ രാഷ്ട്രീയ ആലോചനകൾ...

പാർട്ടി മത്സരിക്കാതെ രാഷ്ട്രീയ ശത്രുക്കളെ തോല്‍പ്പിക്കാൻ ഉന്നം വെച്ച് ബിജെപി: സംസ്ഥാന ബിജെപിയിൽ രാഷ്ട്രീയ ആലോചനകൾ ശക്തം

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കുക എന്ന തന്ത്രം മാത്രമല്ല ബിജെപിക്കുള്ളത്.

മത്സരിക്കാതെ രാഷ്ട്രീയ ശത്രുക്കളെ തോല്‍പ്പിക്കണമെന്ന തന്ത്രവുമുണ്ട്. ഈ പ്ലാൻ ബി-യുടെ പിന്നില്‍ ആരായിരുന്നാലും മത്സരിക്കാതിരുന്നാല്‍ പഴയ വോട്ട്കച്ചവട വിവാദം മടങ്ങിവരുമെന്ന ആശങ്കയിലാണ് ബിജെപിയില്‍ ഒരു വിഭാഗം. വട്ടിയൂർക്കാവ്, ധർമ്മടം, കൂത്തുപറമ്പ്, ബേപ്പൂർ, കളമശ്ശേരി, പറവൂർ, തൃപ്പൂണിത്തുറ, ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് മത്സരിക്കാതെ വിട്ടുനിന്ന് രാഷ്ട്രീയശത്രുക്കളെ തോല്‍പിക്കാൻ ബിജെപി പദ്ധതിയിടുന്നത്.

ജയിച്ചില്ലെങ്കിലും വേണ്ടില്ല, ചിലരെ തോല്‍പ്പിക്കാതെ ഇനി മുന്നോട്ടില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. അത് ആർഎസ്‌എസ് താല്‍പര്യം കൂടി ഉള്‍ക്കൊണ്ടാണെന്നാണ് വിവരം. ബിജെപിയുടെ ഹിറ്റ്ലിസ്റ്റില്‍ ഒന്നാമൻ കെ. മുരളീധരൻ ആണ്. കേരളത്തില്‍ ബിജെപിക്കുണ്ടായിരുന്ന ഏക സീറ്റായ നേമത്തെ അക്കൗണ്ട് ‘പൂട്ടിച്ച’ കുറ്റമാണ് കെ. മുരളീധരനെ ആർഎസ്‌എസ് മുഖ്യശത്രുവാക്കിയത്.

ബിജെപി ഏറെ വിജയസാധ്യത കല്‍പിച്ചിരുന്ന മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. അവസാനനിമിഷം കോണ്‍ഗ്രസ് സ്ഥാനാർഥിയായി മുരളിയെത്തിയതോടെ വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. മണ്ഡലം വി. ശിവൻകുട്ടിക്ക് ലഭിക്കുകയും ചെയ്തു. അതിനാല്‍ കെ. മുരളീധരൻ എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന നിലപാടിലാണ് സംഘരിവാർ.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലമാണ് കണ്ണൂർ ജില്ലയിലെ ധർമ്മടം. അതിനാല്‍ ധർമ്മടത്ത് ബിജെപി മത്സരിക്കേണ്ടെന്നാണ് ഇപ്പോഴത്തെ ആലോചനയെന്നാണ് വിവരം. ജില്ലയിലെ മറ്റൊരു മണ്ഡലമായ കൂത്തുപറമ്പും ഹിറ്റ്ലിസ്റ്റിലാണ്. രാജ്യസഭാ എം പി സി. സദാനന്ദനെതിരായ അക്രമരാഷ്ട്രീയത്തിന് എല്‍ഡിഎഫിനോട് പകവീട്ടാനുള്ള അവസരം ഒരുക്കണമെന്ന ആലോചനയാണ് ഇവിടെ മത്സരിക്കാതെ പോരാടാൻ ബിജെപി ആലോചിക്കുന്നത്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഇനി നിയമസഭ കാണിക്കരുതെന്ന രാഷ്ട്രീയ അജണ്ടയും ബിജെപിക്കുണ്ട്. റിയാസിനെതിരായ വോട്ട് ഭിന്നിക്കാതിരിക്കാൻ ബേപ്പൂരില്‍ മത്സരിക്കേണ്ടെന്ന ആർഎസ്‌എസ് ചിന്തയും ബിജെപി നേതൃത്വത്തിന് മുന്നിലെത്തി.

എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലും മത്സരിക്കാതിരിക്കാൻ ബിജെപിക്ക് പദ്ധതിയുണ്ട്. ശക്തമായ ബിജെപി വിരുദ്ധ നിലപാടെടുക്കുന്ന മന്ത്രി പി. രാജീവ് വീണ്ടും കളമശ്ശേരിയില്‍ മത്സരിച്ചാല്‍ തേല്‍പ്പിക്കണമെന്നതും അജണ്ടയാണ്. ആർഎസ്‌എസിനെ ശത്രുവായി പ്രഖ്യാപിച്ച്‌ നീങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹിറ്റ് ലിസ്റ്റിലുണ്ട്.

ഹരിപ്പാട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണമെന്നാണ് ആർഎസ്‌എസ് ആഗ്രഹം. നേമത്ത് കോണ്‍ഗ്രസ് തോറ്റിട്ടും ബിജെപിയുടെ പരാജയത്തില്‍ സന്തോഷിച്ചതിലുള്ള പ്രതികാരമെന്നോണമാണിത്. അമ്പലപ്പുഴ എംഎല്‍എ എച്ച്‌. സലാമിന് തീവ്ര ഇസ്ലമാമിക സംഘടനകളുടെ പിന്തുണയുണ്ടെന്ന ആക്ഷേപമാണ് ബിജെപി കാലങ്ങളായി ഉന്നയിക്കുന്നത്. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തോടെ ഇത് കടുക്കുകയും ചെയ്തു.

ചില മണ്ഡലങ്ങളില്‍ മത്സരിക്കാതെ രാഷ്ട്രീയ എതിരാളികളെ തോല്‍പ്പിക്കാൻ ഒരു രാഷ്ട്രീയ തന്ത്രം പയറ്റണമെന്നത് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന മാത്രമാണ്. തീരുമാനമല്ല. പക്ഷെ ഈ തന്ത്രം സ്വീകരിക്കുമ്പോൾ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ഈ സാഹസം ഒഴിവാക്കാൻ പാർട്ടിക്കുള്ളില്‍നിന്ന് തന്നെ സമ്മർദ്ദം ശക്തമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments