വാഷിംങ്ടൺ ഡിസി: ഗാലപ്പ് നടത്തിയ സർവേ പ്രകാരം യുഎസിൽ മദ്യപാനം കുറയുന്നതായി പുതിയ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്തവരിൽ 54% പേർ മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്. രാജ്യത്തെ മുക്കാൽ നൂറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. മിതമായ മദ്യപാനം പോലും ആരോഗ്യത്തിന് ഹാനികരമാണെന്ന ചിന്താഗതി വ്യാപകമായതും ആരോഗ്യപരമായ അവബോധം വർധിച്ചതുമാണ് മദ്യപാനത്തിൽ ഇടിവുണ്ടാകാൻ കാരണമെന്നാണ് സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഗാലപ്പ് 1939 മുതൽ അമേരിക്കയിലെ ആളുകളുടെ മദ്യപാന രീതികൾ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ, പുതിയ ജെനറേഷൻ സൂമേഴ്സ് (ജെൻ സി) പ്രായമായവരെ അപേക്ഷിച്ച് കുറഞ്ഞ അളവിലാണ് മദ്യം ഉപയോഗിക്കുന്നത്. 2023 മുതൽ 35-നും 54-നും ഇടയിൽ പ്രായമുള്ളവരുടെ മദ്യപാനത്തിൽ 10% കുറവുണ്ടായി. 55 വയസ്സിനു മുകളിലുള്ളവരിൽ 5% കുറവുണ്ടായി.
പഠനപ്രകാരം, മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നതിനൊപ്പം, മദ്യപാനത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 24% പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മദ്യം കഴിച്ചതായി പറഞ്ഞത്. 40% പേർ അവസാനം മദ്യപിച്ചിട്ട് ഒരാഴ്ചയിൽ കൂടുതലായി.
കോവിഡ് മഹാമാരിയുടെ സമയത്ത് എല്ലാവരും വീടുകളിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ യുഎസിൽ ജനങ്ങൾക്കിടയിൽ മദ്യപാനം വർധിച്ചെങ്കിലും ലോക്ക്ഡൗണുകൾ മാറിയതോടെ മദ്യപാനം കുറഞ്ഞു വരുന്നതായും സര്‍വ്വേ നടത്തിയവർ നിരീക്ഷിച്ചു.അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയും പുറത്തിറക്കിയ പുതിയ രക്തസമ്മർദ്ദ ഒഴിവാക്കണമെങ്കിൽ മദ്യം പൂർണമായും ഒഴിവാക്കാൻ നിർദ്ദേശിക്കുന്നുണ്ട്.
പൊതുജനാരോഗ്യരംഗത്തുള്ള ഞങ്ങൾ വളരെക്കാലമായി പറയുന്ന കാര്യമാണിതെന്നും ഈ സന്ദേശം അമേരിക്കൻ പൊതുസമൂഹത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും കൊളംബിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. കാതറിൻ കീസ് പറഞ്ഞു. മദ്യം കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും മദ്യക്കുപ്പികളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകണമെന്നും മുൻ യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയും അഭിപ്രായപ്പെട്ടു.

