ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീര സമുച്ചയത്തിൽ താഴികക്കുടം തകർന്നുവീണ് 6 പേർ മരിച്ചു. സമുച്ചയത്തിലെ ദർഗയുടെ ഭാഗത്താണ് കെട്ടിടാവശിഷ്ടങ്ങൾ പൊളിഞ്ഞുവീണത്. സന്ദർശകർ ഉൾപ്പെടെ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഈ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്ന അപകടം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീവ്രമായ രക്ഷാപ്രവർത്തനം നടത്തുകയാണ്. പ്രദേശവാസികൾ ചിലരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. 11 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകാരണം വ്യക്തമല്ലെങ്കിലും, രക്ഷാപ്രവർത്തനവും അന്വേഷണവും പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരുമോയെന്ന് ആശങ്കയുണ്ട്.

