ന്യൂഡല്‍ഹി : കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയ്ക്കെതിരെ നാം ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചുവെന്നും ഓപ്പറേഷന്‍ സിന്ദൂരില്‍ വിജയിച്ചതിന് സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”നമ്മുടെ ധീരരായ സൈനികരുടെ വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഓപ്പറേഷന്‍ സിന്ദൂരിലൂടെ, ശത്രുവിന്റെ ഭാവനയ്ക്ക് അപ്പുറമുള്ള ശക്തിയോടെയാണ് നമ്മുടെ സൈനികര്‍ പ്രതികരിച്ചത്. ഏപ്രില്‍ 22 ന് അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദികള്‍ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമാക്കി കൊലപ്പെടുത്തി. മുഴുവന്‍ രാഷ്ട്രവും രോഷാകുലരായി.”- മോദിയുടെ വാക്കുകള്‍.
75 വര്‍ഷമായി, ഇന്ത്യന്‍ ഭരണഘടന ഒരു വിളക്കുമാടം പോലെ നമുക്ക് പാത കാണിച്ചുതരുന്നുവെന്നും ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു, “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല” എന്ന് മുന്നറിയിപ്പ് നൽകി.ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ ‘തീരുവ ഭീഷണി’യെ മോദി പരോക്ഷമായി വിമർശിച്ചു. സാങ്കേതിക വിദ്യയിൽ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ വിപണിയിൽ നിറയുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിക്കുന്നുവെന്നും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു.

