തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാലോട് രവി രാജിവെച്ചു. രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു.പാലോട് രവിയുമായി ഫോണിൽ സംസാരിച്ച എ. ജലീലിനെതിരെയും നടപടിയെടുത്തു. ജലീലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു ജലീൽ.
വിവാദ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ കെപിസിസി നടപടി എടുക്കും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാലോട് രവി രാജിക്കത്ത് നൽകിയത്.
നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ടുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു.
പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കിയിരുന്നു. ‘പാലോട് രവിയുമായി സംസാരിച്ചു. ഓഡിയോയുടെ ആധികാരികത നിഷേധിച്ചിട്ടില്ല. എഐസിസി നേതൃത്വവുമായും കേരളത്തിലെ നേതാക്കളുമായും ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തിരുന്നു.

