കീവ് : സംഘർഷം തുടരുന്നതിനിടെ യുക്രെയ്നും റഷ്യയും തമ്മിൽ സമാധന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്ചകൾക്കു ശേഷമാണ് യുക്രെയ്നും റഷ്യയും തമ്മിൽ ചർച്ചയ്‌ക്ക് വീണ്ടും വഴിതെളിയുന്നത്. 50 ദിവസത്തിനുള്ളിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു മേൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് ചർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, യുക്രെയ്നും റഷ്യയും പരസ്പരം ഡ്രോണാക്രമണം ശക്തമാക്കി. 426 ഡ്രോണുകളും 24 മിസൈലുകളും ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ 2 പേർ മരിച്ചു. കുട്ടി ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. റഷ്യയുടെ ഡ്രോണുകളിൽ പകുതിയോളം ലക്ഷ്യം കാണുംമുൻപു യുക്രെയ്ൻ സൈന്യം തകർത്തു. റഷ്യയോട് യുദ്ധം ചെയ്യാനായി നാറ്റോ വഴി യുക്രെയ്ന് ആയുധങ്ങൾ നൽകാമെന്ന യുഎസ് വാഗ്ദാനം ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം ചേരാനിരിക്കെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.