ലോസ് ഏഞ്ചൽസിലെ ഈസ്റ്റ് ഹോളിവുഡിലെ വെർമോണ്ട് നിശാ ക്ളബിലെ സംഗീത പരിപാടിക്ക് കയറാനായി ക്യൂ നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി മുപ്പത് പേർക്ക് പരുക്കേറ്റു. 7 പേരുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച പ്രാദേശിക സമയം രണ്ടുമണിക്കാണ് സംഭവം അരങ്ങേറിയത്. ഡ്രൈവർ മനപൂർവം വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഡ്രൈവർ യു-ടേൺ എടുത്ത് ജനക്കൂട്ടത്തിലൂടെ ഇടിച്ചുകയറാൻ ശ്രമിച്ചതിനാൽ സംഭവം മനഃപൂർവമായ പ്രവൃത്തിയായാണ് ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷിക്കുന്നത്.പൊലീസ് എത്തുമ്പോളേക്കും ആളുകൾ ഡ്രൈവറെ വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് ആക്രമിച്ചു. അതിനിടെ ഒരാൾ ഡ്രൈവർക്കു നേരെ വെടിയുതിർത്തു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു നിസാൻ വെർസ കാറായിരുന്നു അക്രമി ഓടിച്ചിരുന്നത്. വാഹനം ഒരു ടാക്കോ ( മെക്സിക്കൻ റസ്റ്ററൻ്റ്) സ്റ്റാൻഡിലൂടെ കയറി, പാർക്കിങ് നിയന്ത്രിക്കാൻ വച്ചിരുന്ന ബാരിക്കേഡുകളും തകർത്താണ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞെത്തിയത്. ആ സമയത്ത് നൈറ്റ്ക്ലബിൽ ഒരു റെഗ്ഗെ/ഹിപ് ഹോപ്പ് പരിപാടി നടക്കുകയായിരുന്നു.
ഡ്രൈവർ മദ്യപിച്ചിരുന്നതായി കരുതപ്പെടുന്നു. ലോസ് ഏഞ്ചൽസ് മേയർ കാരെൻ സംഭവത്തെ “ഹൃദയഭേദകമായ ദുരന്തം” എന്ന് വിശേഷിപ്പിച്ചു.പരുക്കേറ്റ എല്ലാവരേയും ആശുപത്രികളിലേക്കോ ട്രോമ സെന്ററുകളിലേക്കോ കൊണ്ടുപോയി എന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു

