ന്യൂഡൽഹി : യുഎസ് സർവകലാശാലകളിൽ ചേരുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപ് അധികാരത്തിൽ എത്തിയതിനു പിന്നാലെ യുഎസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വീസ അപ്പോയിന്റ്മെന്റിനുള്ള സ്ലോട്ടുകൾ മരവിപ്പിച്ചതും വീസ അപേക്ഷകൾ നിരസിക്കപ്പെടുന്നതും വർധിച്ചതുമാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് സൂചന.
സാധാരണയായി ജൂൺ – ജൂലൈ സമയമാകുമ്പോഴേക്കും വിദ്യാർഥികളുടെ വീസ അഭിമുഖങ്ങൾ പൂർത്തിയാക്കി യാത്രക്ക് തയ്യാറെടുക്കേണ്ടതാണെന്നും എന്നാൽ ഈ വർഷം വിദ്യാർഥികൾക്ക് ലഭിച്ച വീസ കുറവാണെന്നും ഹൈദരാബാദിൽ നിന്നുള്ള ഓവർസീസ് കൺസൾട്ടന്റുമാർ ചൂണ്ടിക്കാട്ടുന്നു. വീസ സ്ലോട്ടുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നാണ് യുഎസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നതെങ്കിലും അത്തരത്തിൽ ലഭിക്കുന്നില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. യുഎസ് വീസ ലഭിക്കാതെ വരുന്നതോടെ വിദ്യാർഥികൾ വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളിേലക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്.
മാർച്ചിൽ യുഎസ് വീസയ്ക്കായി അപേക്ഷിച്ച പല ഇന്ത്യൻ വിദ്യാർഥികളുടെയും അപേക്ഷ തള്ളിപ്പോയതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റ് ജനറൽ വീസ അപേക്ഷകൾക്കുള്ള സ്ലോട്ടുകൾ പുനരാരംഭിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 3.3 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പഠനത്തിനായി പോയത്.