ലൊസാഞ്ചലസ് : നിയമപരിപാലന ഏജൻസിയായ കൗണ്ടി ഷെരിഫ് വകുപ്പിന്റെ പരിശീലനകേന്ദ്രത്തിൽ സ്ഫോടനത്തിൽ 3 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മൂന്നു പേരുടെ മരണം യുഎസ് അറ്റോർണി ജനറൽ പാം ബോൻഡി സ്ഥിരീകരിച്ചെങ്കിലും കൗണ്ടി ഷെരിഫ് വകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.
ലൊസാഞ്ചലസ് സിറ്റിഹാളിൽനിന്ന് 8 കിലോമീറ്റർ അകലെ യുഎസ് സമയം വെള്ളിയാഴ്ച പുലർച്ചെയാണു സ്ഫോടനം. കാരണം അറിവായിട്ടില്ല. ബോംബ് സ്ക്വാഡ് സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ കേന്ദ്രത്തിന്റെ പാർക്കിങ് സ്ഥലത്താണു സ്ഫോടനമുണ്ടായതെന്നു റിപ്പോർട്ടുണ്ട്.

