ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന് സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി. ഇതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ആക്സിയം -4 എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായാണ് മിഷൻ പൈലറ്റ് ശുഭാൻഷു ശുക്ല, കമാൻഡർ പെഗ്ഗി വിറ്റ്സൺ(യു.എസ്.എ), മിഷൻ സ്പെഷലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവർ ജൂൺ 25ന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.