കീവ് : യുക്രെയ്‌ൻ പ്രധാനമന്ത്രിയായി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. നിലവിലെ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പ്രതിരോധ മന്ത്രിയാകും. നിയമനങ്ങൾക്ക് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. റഷ്യ – യുക്രെയ്‌ൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നിർണായക നീക്കം.
2021 മുതൽ ഉപപ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. യുഎസുമായുള്ള ധാതുഖനന കരാറിനു നിർണായക പങ്കു വഹിച്ചത് യൂലിയയായിരുന്നു. നിലവിലെ സാഹചര്യത്തിൽ നിർണായകമായ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തം വഹിക്കാൻ ഏറ്റവും യോഗ്യൻ ഡെനിസ് ഷ്മിഹാലാണെന്ന് സെലെൻസ്കി വ്യക്തമാക്കി. ഷ്മിഹാലിന്റെ അനുഭവസമ്പത്ത് പ്രതിരോധ മന്ത്രിപദത്തിൽ യുക്രെയ്‌നിനു മുതൽകൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘‘യുക്രെയ്‌നിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും, യുക്രെയ്‌ൻ ജനങ്ങൾക്കുള്ള സഹായ പരിപാടികൾ വ്യാപിപ്പിക്കുന്നതിനും, രാജ്യത്തിന്റെ ആഭ്യന്തര ആയുധ നിർമാണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്ര നടപടികൾ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർതലത്തിലും മാറ്റം വരുത്തുകയാണ്.’’ – വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.