വാഷിംഗ്ടണ്‍ : അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയിലുടനീളം മിന്നല്‍ പ്രളയ മുന്നറിയിപ്പ് തുടരുന്നു. 50 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ വെള്ളപ്പൊക്ക ഭീതിയെത്തുടര്‍ന്ന് ജാഗ്രതയിലാണ്. ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലാണെന്നും പ്രത്യേക മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം വരെ ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍, ഡി.സി., ബാള്‍ട്ടിമോര്‍, ന്യൂവാര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കും, റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ മിന്നല്‍ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ ന്യൂജേഴ്സിയിലെ ബെര്‍ഗന്‍ കൗണ്ടിയിലും ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലും മിന്നല്‍ പ്രളയ മുന്നറിയിപ്പുണ്ട്. ന്യൂജേഴ്സിയിലെ പടിഞ്ഞാറന്‍ യൂണിയന്‍ കൗണ്ടിയില്‍ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള മഴ പെയ്തതിനാല്‍ കാരണം വെള്ളപ്പൊക്കം നാശം വിതയ്ക്കുമെന്ന ഭീതിയില്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോട് ദയവായി വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 3 മുതല്‍ 4 ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വടക്കന്‍, മധ്യ ജേഴ്സിയുടെ ചില ഭാഗങ്ങളില്‍ ഇതിനകം 5 ഇഞ്ച് വരെ മഴ പെയ്തിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ കനത്ത മഴ പെയ്തതിനെ ത്തുടര്‍ന്ന് തെക്കന്‍ പെന്‍സില്‍വാനി യയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ വ്യാപകമായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യൂണിയന്‍ കൗണ്ടി, ന്യൂജേഴ്സി, വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.