2026 ല്‍ രാജ്യസഭ കാത്തിരിക്കുന്നത് സുപ്രധാന പുനസംഘടയ്ക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എന്നിവരാണ് അടുത്ത വര്‍ഷത്തോടെ രാജ്യസഭയില്‍ കാലാവധി അവസാനിച്ച് എം പി സ്ഥാനമൊഴിയുന്നത്.
രാജ്യസഭയിലെ 245 സീറ്റുകളില്‍ 75 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നടക്കും.
ഇതില്‍ 233 സീറ്റുകള്‍ സംസ്ഥാന നിയമസഭകളുടെ തിരഞ്ഞെടുപ്പിലൂടെ നികത്തുമ്ബോള്‍ ശേഷിക്കുന്ന 12 സീറ്റുകള്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു. ഖാര്‍ഗെയും ദേവഗൗഡയും കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭയില് എത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ബി എല്‍ വര്‍മ്മ എന്നിവര്‍ 2026 നവംബര്‍ 25 ന് വിരമിക്കും. കൂടാതെ സംസ്ഥാനത്ത് നിന്നുള്ള മറ്റ് എട്ട് പേരും വിരമിക്കും.
പശ്ചിമ ബംഗാളില്‍ നിന്ന് സാകേത് ഗോഖലെ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ വിരമിക്കും, മുന്‍ ഡെപ്യൂട്ടി ലോക്സഭാ സ്പീക്കര്‍ തമ്ബി ദുരൈ, തിരുച്ചി ശിവ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ള ആറ് നേതാക്കള്‍ 2026 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കും. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത ക്വാട്ടയില്‍ നിന്ന് വിരമിക്കുന്നത് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെതാണ്, അദ്ദേഹത്തിന്റെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിരമിക്കുന്ന മറ്റ് അംഗങ്ങള്‍. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒാരോ അംഗങ്ങളും വിരമിക്കാന്‍ പോകുന്നു. നിലവില്‍ രാജ്യസഭാ ഭവന സമിതി ചെയര്‍മാനായ ഇന്ദു ബാല ഗോസ്വാമിയും അടുത്ത വര്‍ഷം വിരമിക്കുന്നു. നിലവില്‍, എന്‍ ഡി എയ്ക്ക് രാജ്യസഭയില്‍ 129 സീറ്റുകളും പ്രതിപക്ഷത്തിന്റെ 78 സീറ്റുകള്‍ ആണ് നിലവിൽ ഉള്ളത്.

