Thursday, October 9, 2025
HomeAmericaറോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

വാഷിങ്ടൻ: അമേരിക്കൻ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസ് വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം കാലാവസ്ഥ പ്രവചന ഏജൻസികളെ കൈകാര്യം ചെയ്തതിനെ വിമർശിച്ച് റോസി ഒ’ഡോനൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

‘‘റോസി ഒ’ഡോനൽ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കുന്നു.’’– യുഎസ് പ്രസിഡന്റ് തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ജനുവരിയിൽ അയർലണ്ടിലേക്ക് താമസം മാറിയ റോസി, അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞു. ‘‘അവർ മനുഷ്യരാശിക്ക് ഭീഷണിയാണ്, അവർക്ക് അവരെ വേണമെങ്കിൽ അയർലൻഡിൽ തന്നെ തുടരണം. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!’’– ട്രംപ് എഴുതി.

വർഷങ്ങളമായി പരസ്യമായി പരസ്പരം പോരടിക്കുന്നവരാണ് ട്രംപും റോസി ഒ’ഡോനലും. ജൂലൈ 4ന് ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ 119 പേർ മരിച്ചതിനു പിന്നാലെ വലിയ പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കുന്ന പരിസ്ഥിതി, ശാസ്ത്ര ഏജൻസികൾക്ക് ട്രംപ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതിനെ വിമർശിച്ച് റോസി, ടിക് ടോക്കിൽ വിഡിയോ പങ്കുവച്ചിരുന്നു. ഇതിനു പ്രതികരണമായിട്ടാണ് ട്രംപിന്റെ ഇപ്പോഴത്തെ മുന്നറിയിപ്പ്. നേരത്തെ, ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പൗരത്വവും റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ നിയമപരമായി റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കാൻ ട്രംപിനു സാധിക്കില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌കിൽ നിന്ന് ഒ’ഡോനലിന്റെ സാഹചര്യം വളരെ വ്യത്യസ്തമാണ്. യുഎസിലെ ന്യൂയോർക്കിലാണ് റോസി ജനിച്ചത്. യുഎസിൽ ജനിച്ചവർക്ക് യുഎസ് പൗരത്വം ഭരണഘടനാപരമായ അവകാശമാണ്. ഇതു റദ്ദാക്കാൻ യുഎസ് പ്രസിഡന്റിനു പോലും അവകാശമില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരാൾക്ക് സ്വയം പൗരത്വം ഉപേക്ഷിക്കണമെങ്കിലും നടപടിക്രമങ്ങൾ പാലിക്കണം. കമല ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് രണ്ടാം തവണയും വിജയിച്ചതിന് പിന്നാലെയാണ് റോസി ഒ’ഡോനൽ അയർലണ്ടിലേക്ക് താമസം മാറിയത്. ഐറിഷ് പൗരത്വം നേടാനുള്ള ശ്രമത്തിലാണെന്ന് അവർ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments