വാഷിങ്ടൺ: നാടകീയമായ പുനഃസംഘടനാ പദ്ധതി പ്രകാരം യു.എസ് വിദേശകാര്യ വകുപ്പിലെ 1300ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. 1107 സിവിൽ സർവിസുകാർക്കും രാജ്യത്തുതന്നെ നിയമിക്കപ്പെട്ട 246 വിദേശ സർവിസ് ഉദ്യോഗസ്ഥർക്കുമാണ് പിരിച്ചുവിടൽ നോട്ടീസ് അയച്ചത്. സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നുവെന്നും വാഷിങ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തേക്കും അവരുടെ ഇ-മെയിലിലേക്കും ഷെയർ ഡ്രൈവുകളിലേക്കും ജീവനക്കാർക്ക് പ്രവേശനം നഷ്ടപ്പെടുമെന്നും നോട്ടീസുകളിൽ പറയുന്നു.
മുൻ സഹപ്രവർത്തകരും അംബാസഡർമാരും കോൺഗ്രസ് അംഗങ്ങളും പിരിച്ചുവിടപ്പെട്ടവർക്ക് പിന്തുണയുമായെത്തി. രാജ്യത്തെ സേവിക്കുന്നവരെയും വിശ്വസിക്കുന്നവരെയും പരിഗണിക്കേണ്ട രീതി ഇതല്ലെന്ന് ഒരു മുൻ ഉദ്യോഗസ്ഥ പറഞ്ഞു. പിരിച്ചുവിടൽ അമേരിക്കയുടെ ആഗോള നേതൃത്വത്തെയും വിദേശ ഭീഷണികളെ ചെറുക്കാനുള്ള ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വിമർശകർ പറയുന്നു. വിദേശകാര്യ വകുപ്പ് പ്രവർത്തനങ്ങളിലെ മാറ്റങ്ങളുടെ ഭാഗമാണ് പിരിച്ചുവിടൽ. വിദേശ സഹായ ഏജൻസിയായ യു.എസ്.എ.ഐ.ഡി കഴിഞ്ഞയാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ലയിച്ചിരുന്നു.