വാഷിംഗ്ടണ്‍: വിവിധ രാജ്യങ്ങളുമായി ഉയര്‍ന്ന യുഎസ് തീരുവകള്‍ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. വെള്ളിയാഴ്ച മുതല്‍ തന്നെ വ്യാപാര പങ്കാളികള്‍ക്ക് അവരുടെ തീരുവ നിരക്കുകള്‍ സംബന്ധിച്ച കത്തുകള്‍ അയയ്ക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ് പറഞ്ഞു.
‘ഒരു കത്ത് അയച്ച് അവര്‍ എന്ത് തീരുവ അടയ്ക്കാന്‍ പോകുന്നുവെന്ന് പറയുക എന്നതാണ് എന്റെ ആഗ്രഹം, ഇത് വളരെ എളുപ്പമാണ്. നാളെ മുതല്‍ ഞങ്ങള്‍ ചില കത്തുകള്‍ അയയ്ക്കാന്‍ പോകുന്നു.’- അദ്ദേഹം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
തായ്‌വാൻ മുതല്‍ യൂറോപ്യന്‍ യൂണിയന്‍ വരെയുള്ള വ്യാപാര പങ്കാളികള്‍ക്ക് ഇഷ്ടാനുസൃതം പ്രഖ്യാപിച്ച തീരുവകള്‍ പ്രാബല്യത്തില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം. അധിക തീരുവ ഒഴിവാക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുഎസുമായി പുതിയ വ്യാപാര കരാറിനായി അവസാനവട്ട ചര്‍ച്ചയിലാണ്. ഏതുനിമിഷവും ഒപ്പിടാവുന്ന ഒരു കരാറിനടുത്താണ് ഇന്ത്യയും യുഎസും ഇപ്പോഴുള്ളത്.
ഏപ്രിലിലായിരുന്നു ഈ അധിക തീരുവകളുടെ പ്രഖ്യാപനം വന്നത്. മിക്കവാറും എല്ലാ വ്യാപാര പങ്കാളികളില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി. പിന്നീട് ഈ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കാന്‍ അനുവദിച്ചുകൊണ്ട് ജൂലൈ 9 വരെ അദ്ദേഹം അധിക തീരുവ വര്‍ദ്ധനവ് താത്ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
ഈ സമയപരിധി അവസാനിക്കാന്‍ ഏതാനും ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതോടെയാണ് ഉയര്‍ന്ന തീരുവകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന കരാറുകളില്‍ ഏര്‍പ്പെടാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. വരും ദിവസങ്ങളില്‍ നിരവധി വ്യാപാര കരാറുകള്‍ പ്രഖ്യാപിക്കപ്പെടുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്.