ഷിക്കാഗോയിലെ റിവർനോർത്ത് നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പിൽ പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 24 ഉം 25 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 26 ഉം 27 ഉം വയസ്സുള്ള രണ്ട് സ്ത്രീകളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാത്രി 11 മണിയോടെ ക്ലബ്ബിന് സമീപത്തേക്ക് ഒരു കറുത്ത കാറിൽ എത്തിയ തോക്കുധാരികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ ശേഷം അക്രമികൾ ആ കാറിൽ തന്നെ രക്ഷപ്പെട്ടു.
റാപ്പർ മെല്ലോ ബക്സ്സിന്റെ ആൽബം റിലീസിനോട് അനുബന്ധിച്ചാണ് അക്രമ സംഭവം അരങ്ങേറിയത്. പരിപാടിക്കു ശേഷം ജനക്കൂട്ടം നിശാക്ലബ്ബ് വിടുന്ന സമയത്താണ് വെടിവയ്പുണ്ടായത്. മെല്ലോ ബക്സ്സിന്റെ ആൺ സുഹൃത്ത് ഡെവൺ വില്യംസണും കൊല്ലപ്പെട്ടവരിൽ ഉണ്ടെന്നാണ് ഷിക്കോഗോ സൺടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.