ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ അയച്ച ബ്രഹ്‌മോസ് മിസൈലിന് ആണവ പോര്‍മുന ഉണ്ടോയെന്ന കാര്യം നിര്‍ണയിക്കാന്‍ പാക് സൈന്യത്തിന് 30 മുതല്‍ 45 സെക്കന്‍ഡ് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്ന് വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റാണാ സാനാവുള്ള. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷസമയത്ത് ആണവയുദ്ധത്തിന്റെ ആശങ്ക നിലനിന്നിരുന്നതായും ഷഹബാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി.
“നൂര്‍ ഖാന്‍ വ്യോമതാവളം ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്‌മോസ് അയച്ചപ്പോള്‍ വരുന്ന മിസൈലിന് ആണവ പോര്‍മുനയുണ്ടോ എന്ന് നിര്‍ണയിക്കാന്‍ പാക് സൈന്യത്തിന് കിട്ടിയത് വെറും 30-45 സെക്കന്‍ഡ് മാത്രമാണ്. വെറും 30 സെക്കന്‍ഡ് സമയത്തിനുള്ളില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നത് ഏറ്റവും അപകടകരമായൊരു സാഹചര്യമാണ്”, സനാവുള്ള പാക് വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. “അവര്‍ ആണവ പോര്‍മുന ഉപയോഗിക്കാത്തത് നന്നായി എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഇപ്പുറത്തുള്ളവര്‍ ഒരുപക്ഷേ തെറ്റിധരിച്ചിരുന്നെങ്കില്‍ ആദ്യത്തെ ആണവായുധപ്രയോഗത്തിലേക്കും ആഗോള ആണവയുദ്ധത്തിലേക്കും അത് വഴിതെളിക്കുമായിരുന്നു”, സനാവുള്ള കൂട്ടിച്ചേര്‍ത്തു.
റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന പാകിസ്താന്റെ പ്രധാന വ്യോമതാവളമാണ് നൂര്‍ ഖാന്‍ വ്യോമതാവളം. 1971ലെ യുദ്ധസമയത്തും ഇന്ത്യ ഈ വ്യോമതാവളം ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരുന്നു. ഹോക്കര്‍ ഹണ്ടേഴ്സ് ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ വ്യോമസേന അന്ന് ആക്രമണം നടത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനെതിരെ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരതാവളങ്ങള്‍ ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു