ഐബീരിയ (യുഎസ്): കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്തിയ യുവതിക്ക് 12 വർഷം തടവ് ശിക്ഷ. മില്ലർ കൗണ്ടിയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎസ്സിലെ മിസോറി സംസ്ഥാനത്തെ ഐബീരിയയിലാണ് സംഭവം.
കാമുകനായ തടവുകാരനൊപ്പം ജീവിക്കാനാണ് മിസോറിയിലെ ജയിൽ നഴ്സായ എയ്‌മി മുറേ എന്ന യുവതി ഭർത്താവ് ജോഷ്വാ മുറേയെ ക്രൂരമായി കൊലപ്പെടുത്തിയത്.കേസിന് ആസ്‌പദമായ സംഭവം നടന്നത് 2018 ഡിസംബർ 11-നാണ്. ജെഫേഴ്‌സൺ സിറ്റി കറക്ഷണൽ സെൻ്റർ ജയിലിലെ നഴ്സായിരുന്ന എയ്‌മി അവിടുത്തെ തടവുകാരനായ യൂജിൻ ക്ലേപൂളുമായി പ്രണയത്തിലായി.
72-കാരനെ കൊന്ന കേസിൽ 25 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് യൂജിൻ. പ്രണയത്തെ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. തുടർന്ന് ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ താത്പര്യമില്ലെന്നും ഭർത്താവിന്റെ മരണശേഷം ഒന്നിച്ച് ജീവിക്കാമെന്നും എയ്‌മി യൂജിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. പൊലീസ് ഇവരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.
എഥലീൻ ഗ്ലൈക്കോൾ എന്ന ആന്റിഫ്രീസ് രാസവസ്‌തു നൽകി ഭർത്താവിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനായി വീട് കത്തിക്കുകയും ചെയ്തു. തീ അതിവേഗം വ്യാപിക്കാനായി എയ്മി ആക്സലറന്റ് ഉപയോഗിച്ചിരുന്നു. പിന്നീട് കത്തിക്കരിഞ്ഞ വീട്ടിലെ കിടപ്പുമുറിയിലാണ് ജോഷ്വാ മുറേയുടെ മൃതദേഹം കണ്ടെത്തിയത്. തീപ്പിടിത്തതിലാണ് ഇദ്ദേഹം മരിച്ചതെന്നാണ് ആദ്യം കരുതിയ പോലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേസിന് മറ്റൊരു വഴിത്തിരിവായി. ജോഷ്വാ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. കൂടാതെ ആക്സലറന്റിന്റെ സാന്നിധ്യം അഗ്നിശമനസേന സ്ഥിരീകരിച്ചു.
യൂജിനുമായി എയ്മി സ്ഥിരമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായ എയ്‌മി 7,50,000 ഡോളറിന്റെ ജാമ്യത്തിൽ പുറത്തിറങ്ങുകയും കേസ് ഒഴിവാക്കാനായി ആറുവർഷം നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും വിധി എതിരാവുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയ്ക്കൊപ്പം വീട് കത്തിച്ചതിനും ചേർത്താണ് കോടതി ഇവരെ ശിക്ഷിച്ചത്.