തിരുവനന്തപുരം: രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചു. ഷേഖ് ദർവേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ്.
പൊലീസ് മേധാവി നിയമനത്തിന് രവത ചന്ദ്രശേഖറിനെ കൂടാതെ നിധിൻ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നീ ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി കൈമാറിയത്. ഇതിൽ നിന്ന് സർക്കാർ രവത ചന്ദ്രശേഖറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
മേധാവിയാകാൻ താൽപര്യമറിയിച്ച് രവത അടുത്തിടെ, മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിരമിക്കുന്ന ദർവേശ് സാഹിബ് ഉൾപ്പടെ ഉദ്യോഗസ്ഥ പ്രമുഖരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.കൂത്തുപറമ്പ് വെടിവെപ്പ് വേളയിൽ എ.എസ്.പിയായിരുന്നു രവത. കേന്ദ്ര സർവിസിലുള്ള അദ്ദേഹത്തിന് തിങ്കളാഴ്ച കേരളത്തിലെത്താൻ അനൗദ്യോഗിക നിർദേശം നൽകിയിരുന്നെന്നാണ് വിവരം.