ന്യൂഡൽഹി : ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിൽ യുദ്ധവിമാനങ്ങൾ നഷ്ടമായെന്നും രാഷ്ട്രീയ നേതൃത്വം സൃഷ്ടിച്ച പരിമിതികളാണ് അതിനു കാരണമായതെന്നും ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാർ പറഞ്ഞത് വിവാദമായി.ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യത്തെ മോദി സർക്കാർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയതിന്റെ കാരണം ഇപ്പോൾ വ്യക്തമായെന്നും കോൺഗ്രസ് ആരോപിച്ചു.
മേയ് 7 രാത്രി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ശിവ് കുമാറിന്റെ പരാമർശം സംബന്ധിച്ച വാർത്ത പങ്കുവച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും മാധ്യമവിഭാഗം മേധാവി പവൻ ഖേരയുമാണ് വിമർശനങ്ങൾ ഉന്നയിച്ചത്.
നഷ്ടങ്ങൾ സൈനികനടപടിയുടെ ഭാഗമാണെന്ന് ഡയറക്ടർ ജനറൽ എയർ ഓപറേഷൻസ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി നേരത്തേ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞിരുന്നു. പിന്നീട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സിംഗപ്പൂരിൽ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ, യുദ്ധവിമാനം നഷ്ടമായെന്ന് പരോക്ഷമായി സമ്മതിച്ചു. അതിനു പിന്നാലെയാണ് അറ്റാഷെയുടെ നേരിട്ടുള്ള വെളിപ്പെടുത്തൽ. ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് നേരത്തേ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
ജൂൺ 10ന് ഇന്തൊനീഷ്യയിലെ സൂര്യദർമ സർവകലാശാലയുടെ പ്രതിരോധ വിശകലന പരിപാടിയിൽ അവതരിപ്പിച്ച 35 മിനിറ്റ് പ്രസന്റേഷനിടെയാണ് ശിവ് കുമാർ വിവാദ പരാമർശം നടത്തിയതെന്നാണ് വിവരം